കോഴിക്കോട് കോണാട് സ്വദേശി ആസിമിന്‍റെ അസ്വാഭാവിക മരണത്തിൽ മൃതദേഹം പുറത്തെടുത്ത് പോലിസ്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആസിമിന് മർദനമേറ്റെന്ന ഭാര്യയുടെ പരാതിയിലാണ് പൊലീസ് നടപടി.
കോണാട് ബീച്ച് സ്വദേശി നാൽപ്പതുകാരൻ അസീമിന്‍റെ മരണത്തിലെ ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് പോലീസ്. തോപ്പയിൽ ജുമാ മസ്ജിദിലെ ഖബർസ്ഥാനിൽ നിന്ന് അസീമിൻറെ മൃതദേഹം പുറത്തെടുത്തു. റവന്യൂ ഉദ്യോഗസ്ഥരുടെയും പോലീസിൻ്റെയും നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആസിമിന്‍റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ഭാര്യ നൽകിയ പരാതിയിലാണ് വെള്ളയിൽ പോലിസ് ഖബർ തുറന്നു മൃതദേഹം പുറത്തെടുത്തത്. അഞ്ചാം തിയ്യതി രാത്രി വീട്ടിൽ അബോധാവസ്ഥയിലായ അസീമിനെ ആദ്യം ബീച്ച് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ഏഴാം തിയ്യതി പുലർച്ചെ മരിച്ചിരുന്നു. അസീമിനു മർദ്ദനമേറ്റെന്ന സംശയം ദുരീകരിക്കാനാണ് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നത്.