കോഴിക്കോട് പേരാമ്പ്രയിലും കണ്ണൂര്‍ കൂത്തുപറമ്പിലും മല്‍സരിക്കാനുറച്ച് മുസ് ലിം ലീഗ്. പല സീറ്റുകളും കോണ്‍ഗ്രസുമായി വച്ചുമാറല്‍ ചര്‍ച്ചകള്‍ തുടരുകയാണെങ്കിലും ഈ രണ്ട് സീറ്റുകളിലും പ്രവര്‍ത്തനം തുടങ്ങാന്‍ ജില്ലാകമ്മറ്റിക്ക് സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കി. സ്ഥാനാര്‍ഥി നിര്‍ണയതില്‍ വിജയസാധ്യതയ്ക്കപ്പുറം യാതൊന്നും നോക്കില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ഉറപ്പ് നല്‍കി.
2021ലാണ് പേരാമ്പ്രയില്‍ ലീഗ് ആദ്യപോരിനിറങ്ങിയത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി രംഗത്തിറക്കിയ സി എച്ച് ഇബ്രാംഹിം കുട്ടി ടിപി രാമകൃഷ്ണനോട് വന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയതെങ്കിലും യുഡിഎഫിന് പരമ്പരാഗതമായി അടിത്തറയുള്ള മണ്ണാണ് പേരാമ്പ്ര എന്ന വിലയിരുത്തലിലാണ് ലീഗ്. സീറ്റ് മാറ്റ ചര്‍ച്ചകള്‍ സജീവമാണെങ്കിലും പേരാമ്പ്ര അതില്‍ ഉള്‍പ്പെടില്ല. രണ്ട് പേരുകളാണ് സജീവ പരിഗണനയില്‍. മുസ് ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി ടിടി ഇസ്മയിലും ജില്ലാസെക്രട്ടറിയായ സിപി അസീസും. കണ്ണൂര്‍ കൂത്തുപറമ്പില്‍ ഇത്തവണയും എല്‍ഡിഎഫിന് വേണ്ടി ആര്‍ജെഡി തന്നെയാകും മല്‍സരരംഗത്ത്. അങ്ങനെയെങ്കില്‍ സിറ്റിങ് എംഎല്‍എ കെപി മോഹനന് തന്നെയാണ് സാധ്യത. ഇതുതന്നെയാണ് ലീഗിന്‍റെയും യുഡിഎഫിന്‍റെയും മനസില്‍ ലഡു പൊട്ടുന്നത്.
മണ്ഡലത്തില്‍ കെപി മോഹനനെതിരെയുള്ള ശക്തമായ വികാരം പ്രയോജനപ്പെടുത്തിയാല്‍ ജയിച്ചുകയാറാനാകുമെന്നാണ് കണക്കുകൂട്ടല്‍. മുസ് ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്‍റ് സൈനുല്‍ ആബിദീനാണ് സാധ്യത പട്ടികയില്‍ മുമ്പില്‍. ഒരു വനിതക്ക് അവസരം നല്‍കേണ്ടതിനാല്‍ ജയന്തി രാജനും പരിഗണനയില്‍ ഉണ്ട്. നാട്ടുകാരെ തന്നെ പരിഗണിക്കണമെന്ന മണ്ഡലം കമ്മറ്റിയുടെ ശുപാര്‍ശയും സമസ്തയുടെ പിന്തുണയും ഉള്ളതിനാല്‍ സൈനുല്‍ ആബീദീന് നറുക്കുവീഴാനാണ് സാധ്യത.