high-court

TOPICS COVERED

അനാശാസ്യ കേന്ദ്രങ്ങളിലെത്തി ലൈംഗിക ബന്ധത്തിന് പണം നൽകുന്നവരെ ഉപഭോക്താക്കളായി കാണാനാകില്ലെന്ന് ഹൈക്കോടതി. അനാശാസ്യ കേന്ദ്രത്തിലെ ലൈംഗിക തൊഴിലാളിയെ ഉൽപ്പന്നമായി കാണാനാവില്ല. ലൈംഗിക ബന്ധത്തിനായി അനാശാസ്യ കേന്ദ്രത്തിലെത്തുന്നവർ നൽകുന്ന പണത്തിന്‍റെ ഭൂരിഭാഗവും കൈക്കലാക്കുന്നത് നടത്തിപ്പുകാരാണ്. അതിനാൽ പണം നൽകുന്നവരെ വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുന്നവരായി കണക്കാക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. 

2021ൽ തിരുവനന്തപുരം പേരൂർക്കട പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ പ്രതി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. അനാശാസ്യം (തടയൽ) നിയമപ്രകാരമുള്ള കേസ് റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ലൈംഗിക തൊഴിലാളിയുടെ സേവനം തേടിയ ഉപഭോക്താവ് മാത്രമാണ് താനെന്നായിരുന്നു ഹർജിക്കാരന്‍റെ വാദം. ബിസിനസിൽ തനിക്ക് പങ്കില്ലെന്നും ഇയാൾ വാദിച്ചു.

എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ല. അനാശാസ കേന്ദ്രത്തിലെ ലൈംഗിക തൊഴിലാളികളെ ഉൽപ്പന്നമായി കണക്കാക്കാൻ ആവില്ലെന്ന് കോടതി വ്യക്തമാക്കി. അതിനാൽ ഇവരുടെ സേവനം തേടുന്നവർ ഉപഭോക്താവല്ല. മനുഷ്യക്കടത്തിന് ഇരയായവരടക്കം ഈ മേഖലയിൽ അന്യരുടെ ശാരീരിക സുഖത്തിനായി ശരീരം സമർപ്പിക്കാൻ നിർബന്ധിതരാകുന്നുണ്ട്. ഇത്തരം കേന്ദ്രങ്ങളിൽ എത്തി നൽകുന്ന പണത്തിന്‍റെ ഭൂരിഭാഗവും നടത്തിപ്പുകാരാണ് കൈക്കലാക്കുന്നത്. അതിനാൽ പണം നൽകുന്നവർക്ക് അനാശാസ്യം തടയൽ നിയമം 5(1) ഡി വകുപ്പു പ്രകാരമുള്ള പ്രേരണക്കുറ്റം ബാധകമാകുമെന്ന് കോടതി പറഞ്ഞു. അതേസമയം, ഇയാൾക്കെതിരെയുളള അനാശാസ്യകേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ട വകുപ്പുകൾ ജസ്റ്റിസ് വി.ജി.അരുൺ റദ്ദാക്കി.

ENGLISH SUMMARY:

Prostitution law Kerala clarifies that individuals paying for sexual relations in brothels cannot be considered consumers. These individuals are seen as abetting the practice, as the majority of their payments are taken by the brothel owners.