ശബരിമലയിൽ നടന്നത് കൂട്ടക്കൊള്ളയെന്ന് ഹൈക്കോടതി. കൊള്ള ചെയ്ത ബാക്കി സ്വർണം എവിടെ എന്ന് കണ്ടെത്തേണ്ടതുണ്ട്. എ.പത്മകുമാർ അന്വേഷണത്തെ സ്വാധീനിക്കാൻ ശക്തിയുള്ളയാളാണെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി. കെ.പി.ശങ്കർദാസിന് ആശുപത്രിയിൽ തുടരാൻ മാത്രം ഗുരുതരമായ അസുഖമുണ്ടോയെന്ന് മെഡിക്കൽ ബോർഡ് ചേർന്ന് പരിശോധിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ.പത്മകുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, ബെല്ലാരിയിലെ സ്വർണ വ്യാപാരി നാഗ ഗോവർദ്ധൻ എന്നിവരുടെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ. അയ്യപ്പന്റെ സ്വത്ത് പ്രതികള്‍ കൂട്ടം ചേര്‍ന്ന് കൊള്ളയടിച്ചുവെന്ന് കോടതി പറഞ്ഞു. കേസിൽ കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്ന് അന്വേഷിക്കണം. എസ്‌ഐടി കണ്ടെത്തിയ രേഖകളില്‍ നിന്ന് കൂട്ടക്കൊള്ള പ്രഥമദൃഷ്ട്യാ വ്യക്തമാണ്. രണ്ട് കേസുകളിലായി 4147 ഗ്രാം സ്വർണ്ണമാണ് കൊള്ളയടിച്ചത്. ഇതിൽ 475 ഗ്രാം സ്വർണം മാത്രമാണ് കണ്ടെടുക്കാനായിട്ടുള്ളത്. കൊള്ള ചെയ്ത ബാക്കി സ്വര്‍ണ്ണം എവിടെയെന്നാണ് കണ്ടെത്തേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞു. എ.പത്മകുമാര്‍ മുന്‍ എംഎല്‍എയും ദേവസ്വം ബോര്‍ഡിന്റെ മുന്‍ പ്രസിഡന്റുമാണ്. അതുകൊണ്ടുതന്നെ അന്വേഷണത്തെ സ്വാധീനിക്കാനും ശേഷിയുണ്ട്. 90 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ മുരാരി ബാബുവിന് സ്വാഭാവിക ജാമ്യം ലഭിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
കെ.പി.ശങ്കർദാസിനെ ഇക്കുറിയും ജസ്റ്റിസ് എ.ബദറുദ്ദിൻ വെറുതെ വിട്ടില്ല. ആശുപത്രിയിൽ തുടരാൻ ഗുരുതര രോഗമുണ്ടോ എന്ന കാര്യം മെഡിക്കൽ ബോർഡ് പരിശോധിക്കണം. ജയിലിൽ ചികിത്സ തുടരാനാകുമോ എന്നതടക്കമാണ് പരിശോധിക്കേണ്ടത്. ഈ മാസം 27ന് മുൻപ് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ടിന് കോടതി നിർദേശം നൽകി. ഈ കേസിനെ കേവലം സാധാരണ കുറ്റകൃത്യമായി കാണാൻ കഴിയില്ലെന്നും, ഭഗവാന്റെ സ്വത്ത് സംരക്ഷിക്കേണ്ടവർ തന്നെ അത് കൊള്ളയടിക്കുന്നത് അങ്ങേയറ്റം ഗൗരവകരമാണെന്നും വ്യക്തമാക്കി കൊണ്ടാണ് പ്രതികൾക്ക് കോടതി ജാമ്യം നിഷേധിച്ചത്. പഞ്ചാഗ്നി മധ്യേ തപസ്സു ചെയ്താലുമീ പാപ കർമ്മത്തിൻ പ്രതിക്രിയയാകുമോ എന്ന സിനിമാ ഗാനം കൂടി പരാമർശിച്ചാണ് ഉത്തരവ് അവസാനിപ്പിക്കുന്നത്.