പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം, കലഞ്ഞൂർ പഞ്ചായത്തുകളെ വിറപ്പിക്കുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം തേടി ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി സംഘമെത്തി. ജനകീയ സമിതി ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയെ തുടർന്നാണ് കോടതി ഇടപെടൽ. കൃഷിനാശം അടക്കമുള്ള വിവരങ്ങൾ നാട്ടുകാർ അറിയിച്ചു.
കുളത്തുമൺ, കല്ലേലി മേഖലകളിൽ ആയിരുന്നു സന്ദർശനം. അഭിഭാഷകരായ ലിജി വടക്കേടത്ത്, അഡ്വ. മാധവൻകുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വനാതിർത്തികളിലെ സ്ഥിതിഗതികൾ വിലയിരുത്തിയത്. കാട്ടാന ശല്യം രൂക്ഷമായ കല്ലേലി ഹാരിസൺ എസ്റ്റേറ്റ്, കല്ലേലി ജങ്ഷൻ, കടിയാർ, കുളത്തൂമൺ തുടങ്ങിയ പ്രദേശങ്ങളിൽ നേരിട്ടെത്തിയ സംഘം ജനങ്ങളുടെ പരാതികൾ കേൾക്കുകയും മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തു. വനത്തിൽ നിന്നിറങ്ങുന്ന കാട്ടാനകൾ ഹാരിസൺ എസ്റ്റേറ്റിലെ ലയങ്ങൾക്ക് സമീപം തമ്പടിക്കുന്നതും അവിടെ നിന്ന് ജനവാസ മേഖലകളിലേക്ക് കടക്കുന്നതും വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. വനാതിർത്തികളിൽ മൃഗങ്ങൾ നാട്ടിലിറങ്ങാതിരിക്കാൻ ഫലപ്രദമായ തടസ്സങ്ങൾ നിർമ്മിക്കണമെന്ന ആവശ്യം പ്രദേശവാസികളും ജനപ്രതിനിധികളും സംഘത്തിന് മുന്നിൽ ഉന്നയിച്ചു.
എസ്റ്റേറ്റ് പാതകൾ വഴിയല്ലാതെ ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങൾ പ്രവേശിക്കുന്നത് തടയാൻ കർശനമായ നടപടികൾ സ്വീകരിക്കണമെന്നും സന്ദർശന വേളയിൽ ആവശ്യമുയർന്നു. കോന്നി ഡി.എഫ്.ഒ ആയൂഷ് കുമാർ കോറി, ജില്ലാ പഞ്ചായത്തംഗം എസ്. സന്തോഷ് കുമാർ, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രേഷ്മ എന്നിവരും സംയുക്ത സമരസമിതി പ്രവർത്തകരും അമിക്കസ് ക്യൂറി സംഘത്തോടൊപ്പം ഉണ്ടായിരുന്നു. ജനങ്ങളുടെ ആശങ്കകൾ പരിഗണിച്ച് വിശദമായ റിപ്പോർട്ട് സംഘം ഹൈക്കോടതിയിൽ സമർപ്പിക്കും.