യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ റാപ്പർ വേടന്‍ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പൊലീസ് സ്റ്റേഷനിലാണ് വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളി ഹാജരായത്. യുവ ഡോക്ടറുടെ പരാതിയിലെടുത്ത കേസിലാണ് ചോദ്യം ചെയ്യല്‍. കേസിൽ ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് വേടൻ പൊലീസിന് മുന്നിൽ ഹാജരായത്. കേസുകള്‍ തീര്‍ന്നതിന് ശേഷം തനിക്ക് ചിലത് പറയനുണ്ടെന്നായിരുന്നു വേടന്‍റെ പ്രതികരണം.
'കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ ഇപ്പോള്‍ ഒന്നും പറയാന്‍ പാടില്ല. ഈ കേസുകള്‍ പൂര്‍ണമായും തീരട്ടെ എന്നിട്ട് എനിക്ക് എന്‍റെ ഭാഗം പറയാന്‍ ഉണ്ടാകുമല്ലോ അത് എന്തായാലും പറയും' എന്നാണ് വേടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇതിന് മുന്‍പ് കോന്നിയിലെ സംഗീതപരിപാടിയിലും വേടന്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് പരസ്യപ്രതികരണം നടത്തിയിരുന്നു.
ജൂലൈ മുപ്പതിനാണ് തൃക്കാക്കര പൊലീസ് ബലാത്സംഗ കുറ്റം ചുമത്തി വേടനെതിരെ കേസെടുത്തത്. പിന്നാലെ ഒളിവിൽ പോയ വേടനായി സംസ്ഥാനത്തിന് അകത്തും പുറത്തും തിരച്ചിൽ നടത്തിയ പൊലീസ് ലുക്കോട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. 2021 മുതൽ 2023 വരെയുള്ള കാലയളവിൽ വേടൻ പീഡിപ്പിച്ചുവെന്നാണ് യുവ ഡോക്ടറുടെ പരാതി.അതേസമയം പണം തട്ടാനായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് പീഡനപരാതിയെന്നാണ് വേടന്റെ വാദം. കേസിൽ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യത്തിൽ വിടും. സമാനമായ മറ്റ് രണ്ട് പരാതികളിലും പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്.