കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടാന്‍ ഇടയാക്കിയ സാഹചര്യമെന്തെന്ന ചോദ്യത്തിന് അത് ജനങ്ങള്‍ അറിയേണ്ടെന്ന് ജയില്‍ വകുപ്പിന്‍റെ ഉത്തരം. ജയില്‍ ചാട്ടത്തേക്കുറിച്ചുള്ള വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടാണ് പൂഴ്ത്തിയത്. രഹസ്യസ്വഭാവമുള്ളതിനാല്‍ പുറത്തുവിടാനാവില്ലെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള മനോരമ ന്യൂസ് ചോദ്യത്തിന് ജയില്‍ മേധാവിയുടെ ഓഫീസിന്‍റെ മറുപടി.
കേരളം പേടിച്ച നിമിഷമായിരുന്നു ഇത്. എന്തിനും മടിക്കാത്ത കൊടുംക്രിമിനല്‍ ഗോവിന്ദച്ചാമി ഒരു ദിവസം ഇരട്ടിവെളുത്തപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടി. മണിക്കൂറുകള്‍ക്കകം പിടിച്ചെങ്കിലും ഒട്ടേറെ ചോദ്യം അവശേഷിച്ചു. ഗോവിന്ദച്ചാമി ജയില്‍ ചാടിയത് എങ്ങിനെ? ആരുടെ വീഴ്ച? ആരെങ്കിലും സഹായിച്ചോ? ഇത് കണ്ടുപിടിക്കാനായി ഉത്തരമേഖല ജയില്‍ ഡി.ഐ.ജി അന്വേഷിച്ചു. ആ അന്വേഷണ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ പൂഴ്ത്തുന്നത്. റിപ്പോര്‍ട്ട് രഹസ്യ സ്വഭാവമുള്ളതാണെന്നും അതില്‍ അന്തിമതീരുമാനം ആകാത്തതിനാലും പുറത്തുവിടാനാകില്ലെന്നാണ് ജയില്‍ വകുപ്പിന്‍റെ മറുപടി.
8 ഇരുമ്പ് കമ്പികളാണ് ഗോവിന്ദച്ചാമി മുറിച്ചത്. ഇതിനുള്ള ആയുധം കിട്ടിയതിലും അത് മുറിക്കുന്നത് ആരും കണ്ടില്ലായെന്ന് പറയുന്നതിലുമാണ് സമിതി സംശയം പ്രകടിപ്പിക്കുന്നത്. ഇത്തരം ഗുരുതര പ്രശ്നങ്ങള്‍ മറച്ചുവെച്ചും ഉത്തരവാദികളെ സംരക്ഷിച്ചും തയാറാക്കിയ റിപ്പോര്‍ട്ടാണ് ജനങ്ങള്‍ അറിയിക്കാതെ ജയില്‍ മേധാവിയുടെ ഓഫീസില്‍ പൂട്ടിയിടുന്നത്.