തൃശൂരില്‍ ഇന്ന് പുലിക്കളി. സ്വരാജ് റൗണ്ട് കാത്തിരിക്കുന്നു പുലിക്കൂട്ടത്തെ കാണാന്‍. പുലിമടകളില്‍ രാവിലെ തൊട്ടേ ചന്തമുള്ള കാഴ്ചകളാണ്. ഒന്‍പത് പുലിമടകളിലും രാവിലെ തൊട്ടുള്ള കാഴ്ചകള്‍ ഇങ്ങനെയാണ്. പുലിത്താളം കേട്ടാല്‍ മന്ത്രി കെ.രാജന്‍ ഇട്ട ഈ സ്റ്റെപ്പ് തന്നെയാണ് പുലികള്‍ക്കെല്ലാം. കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന് ചെണ്ട കണ്ടപ്പോള്‍ കൊട്ടാനൊരു മോഹം. മേയര്‍ എം.കെ.വര്‍ഗീസാകട്ടെ ആര്‍പ്പു വിളിച്ചാണ് പുലിമടയില്‍ എത്തിയത്. പെണ്‍പുലി നിമിഷ ബിജോ ഇക്കുറിയും പുലിചുവട് വയ്ക്കും.
മുത്തച്ഛന്‍റെ ഓര്‍മയ്ക്കായി പുലിയായി മാറിയ മൂന്നാം ക്ലാസുകാരി. പുലിവേഷമിടാന്‍ എത്തിയ കുടുംബം. പുലി ചുവടുവയ്ക്കാന്‍ തുടര്‍ച്ചയായി മൂന്നാം തവണ എത്തിയ പൊലീസുകാരായ ശരത്തും മനോജും. പുലിക്കളിയില്‍ കരമ്പുലിയും വരയന്‍പുലിയും മാത്രമല്ല, സിംഹവുമുണ്ട്. എ.ഐ. സാങ്കേതിക വിദ്യയില്‍ രൂപകല്‍പന ചെയ്ത പുലിമീന്‍ വാഹനം. ഇതിനെല്ലാം പുറമെ നിശ്ചലദൃശ്യങ്ങളുമുണ്ട്. ദാഹിച്ചു വലഞ്ഞ് വരുന്ന ഹനുമാന് ആശ്രമത്തില്‍ വെള്ളം നല്‍കുന്ന സ്ത്രീ. ആനയെ പീഡിപ്പിക്കുമ്പോള്‍ കുട്ടിയാന കരയുന്നത്... തുടങ്ങി വേറിട്ട നിശ്ചലദൃശ്യങ്ങളും പുലിമടയില്‍ ഒരുങ്ങി. ഒന്‍പതു ദേശങ്ങളും വീറും വാശിയോടെ അരമണി കിലുക്കി കുടവയര്‍ കുലുക്കി തകര്‍ത്താടും. ഇതു കാണാന്‍, തൃശൂര്‍ സ്വരാജ് റൗണ്ടിലേക്ക് പുരുഷാരം ഒഴുകും. പൂരങ്ങളുടെ നാട്ടില്‍ ഒരിക്കല്‍ക്കൂടി പുലിയിറങ്ങുകയാണ്.