കെ.ടി ജലീല്‍ എംഎല്‍എ പാലക്കാട് കൊപ്പത്തെ യമ്മി ഫ്രൈഡ് ചിക്കന്‍ കടയിലെത്തി ഭക്ഷണം കഴിച്ചതിന്‍റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ചേര്‍ത്ത് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഇട്ട പോസ്റ്റിനു മറുപടിയുമായി വീണ്ടും ജലീല്‍. ‘ഒരായിരം നന്ദി: പട്ടാമ്പിക്കടുത്ത കൊപ്പത്തെ "Yummi Fried Chicken" ഷോപ്പ് തൻ്റേതാണെന്ന് (പി.കെ ഫിറോസിൻ്റേതാണെന്ന്) സമ്മതിച്ചതിന് എന്നതാണ് പോസ്റ്റിന്റെ ഉള്ളടക്കം. തിരുനാവായക്കാരൻ വെള്ളടത്ത് മുഹമ്മദ് അഷ്റഫ് സ്വന്തം ബിനാമിയാണെന്ന് അംഗീകരിച്ചതിനും നന്ദി എന്ന കുറിപ്പിനൊപ്പം എന്‍ബി ആയി വീണ്ടും ചില കാര്യങ്ങള്‍ കൂടി ജലീല്‍ പറയുന്നു.
NB-കത്വ-ഉന്നാവോ പെൺകുട്ടികളുടെ കണ്ണീരിൻ്റെ നനവ് ഞാനാ ഷോപ്പിൻ്റെ ഓരോ സുഷിരത്തിലും അനുഭവിച്ചു. "ധോത്തി ചാലഞ്ചിൽ" പററിക്കപ്പെട്ട ലീഗുകാരുടെ മനോവേദന അവിടെ മുറ്റി നിൽക്കുന്നത് മനസ്സിനെ വല്ലാതെ മഥിച്ചു എന്നു കൂടി പരിഹാസരൂപേണ ചേര്‍ത്താണ് ജലീലിന്‍റെ പോസ്റ്റ്.
കഴിഞ്ഞ ദിവസം ജലീൽ നടത്തിയ വാർത്താസമ്മേളനത്തിൽ കൊപ്പത്തെ ‘യമ്മി’ ഷോപ്പിൽ ഫിറോസിന് ഷെയറുണ്ട് എന്ന് ആരോപിച്ചിരുന്നു. അവിടത്തെ യൂത്ത് ലീഗുകാരാണ് തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയത് എന്നും ഫിറോസിന് ഗൾഫിലെ കമ്പനിയിൽ ജോലിയുണ്ടെന്നും ജലീല്‍ ആരോപിച്ചിരുന്നു, യൂത്ത് ലീഗ് നടത്തിയ ദോത്തി ചലഞ്ചിൽ വൻ അഴിമതി നടന്നു എന്ന ഗുരുതരമായ ആരോപണങ്ങളും ജലീൽ ഉന്നയിച്ചിരുന്നു. ഇതിന്‍റെ ചുവടുപിടിച്ച് ഇരുവരും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആരോപണപ്രത്യാരോപണങ്ങള്‍ ഉന്നയിക്കുകയാണ്.
‘നന്ദി, വന്നതിനും ഭക്ഷണം കഴിച്ച് അഭിപ്രായം അറിയിച്ചതിനും. NB: ബിസിനസിൽ രാഷ്ട്രീയമില്ല, രാഷ്ട്രീയത്തിൽ ബിസിനസും’- എന്ന കുറിപ്പോടുകൂടിയായിരുന്നു ജലീലിന്റെ ഭക്ഷണം കഴിക്കുന്ന ചിത്രം മണിക്കൂറുകള്‍ മുന്‍പ് ഫിറോസ് പങ്കുവച്ചത്.