കേരള കോൺഗ്രസ് നേതാവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന പ്രിൻസ് ലൂക്കോസ് അന്തരിച്ചു. 53 വയസായിരുന്നു.കുടുംബത്തോടൊപ്പം വേളാങ്കണ്ണി പള്ളിയിൽ പോയി മടങ്ങുന്നതിനിടെ ട്രെയിനിൽ വച്ച് ഹൃദയാഘാതം ഉണ്ടായാണ് അന്ത്യം. സംസ്കാരം ബുധൻ ഉച്ചയ്ക്ക് കോട്ടയത്ത് നടക്കും.
ട്രെയിൻ യാത്രയ്ക്കിടെ പുലർച്ചെ 3.30 നാണ് തെങ്കാശിക്ക് സമീപത്തു വെച്ച് പ്രിൻസ് ലൂക്കോസിന് ഹൃദയാഘാതം ഉണ്ടായത്. ഉടൻ തന്നെ തെങ്കാശിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. വേളാങ്കണ്ണി പള്ളിയിൽ പോയി തിരികെ കോട്ടയത്തേക്ക് വരികയായിരുന്നു. ഭാര്യയും മകനും ഒപ്പമുണ്ടായിരുന്നു. മൃതദേഹം തെങ്കാശിയിൽ നിന്ന് കോട്ടയത്ത് എത്തിച്ചു. നാളെ ഉച്ചയ്ക്കുശേഷം പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫിസിലും ബാർ അസോസിയേഷൻ ഹാളിലും പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് പാറമ്പുഴയിലെ വീട്ടിലെത്തിക്കും. മറ്റന്നാൾ ഉച്ചയ്ക്ക് പാറമ്പുഴ ബേദ്ലഹേം പള്ളിയിലാണ് സംസ്കാരം. കേരള കോൺഗ്രസിൻ്റെ ഉന്നതാധികാര സമിതി അംഗം ആയിരുന്നു പ്രിൻസ് ലൂക്കോസ്. കേരള കോൺഗ്രസ് സ്ഥാപകനേതാക്കളിൽ ഒരാളായ ഒ വി ലൂക്കോസിന്റെ മകൻ ആണ്.
യൂത്ത് ഫ്രണ്ട്, കെഎസ് സി സംസ്ഥാന പ്രസിഡന്റ് ചുമതല വഹിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറിയായിരുന്ന പ്രിൻസ് ലൂക്കോസ് മുന്നണി മാറ്റത്തിൽ പിജെ ജോസഫിനൊപ്പം അടിയുറച്ചു നിന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ യുഡിഎഫ് സ്ഥാനാർഥിയാവുകയും ചെയ്തു. കോട്ടയം ബാറിലെ അഭിഭാഷകനായിരുന്നു. ചങ്ങനാശ്ശേരി അതിരൂപതയുടെ യുവദീപ്തി പ്രസിഡന്റും, പാസ്റ്ററൽ കൗൺസിൽ അംഗവുമായിരുന്നു.