ആലപ്പുഴ ഡിവൈ.എസ്.പി മധു ബാബുവിനെതിരെ പരാതികളുടെ പ്രളയമാണ്. കോന്നി സി.ഐയായിരിക്കുന്ന സമയത്ത് അടിച്ച് ചെവിയുടെ ഡയഫ്രം പൊട്ടിച്ചെന്ന പരാതിയുമായി പത്തനംതിട്ടയിലെ മുന്‍ എസ്.എഫ്.ഐ നേതാവ് ജയകൃഷ്ണനാണ് ആദ്യം വന്നത്. ഇതിന് പിന്നാലെ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നിന്നെല്ലാം പരാതികളുയര്‍ന്നു.
മധു ബാബു പൊലീസ് സംഘടനയുടെ നേതാവാണെന്നതാണ് വിചിത്രം. ഡിവൈ.എസ്.പിമാരുടെ സംഘടനയായ സീനിയര്‍ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍റെ സംസ്ഥാന ട്രഷററാണ് അദേഹം. രണ്ട് മാസം മുന്‍പാണ് അദേഹത്തെ തിരഞ്ഞെടുത്തത്. ഓഗസ്റ്റ് 26ന് അദ്ദേഹവും സഹഭാരാവാഹികളും ചേര്‍ന്ന് മുഖ്യമന്ത്രിയെ അദേഹത്തിന്‍റെ ഓഫീസിലെത്തി കണ്ടിരുന്നു. പൊലീസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനും പ്രവര്‍ത്തനം മെച്ചപ്പെടുത്താനുമുള്ള നിര്‍ദേശങ്ങളടങ്ങിയ നിവേദനവും നല്‍കിയാണ് മടങ്ങിയത്.
ഇടത് അനുകൂല പാനലാണ് ഇപ്പോള്‍ പൊലീസ് സംഘടനകള്‍ നയിക്കുന്നത്. അതുകൊണ്ട് തന്നെ മധു ബാബുവും ഇടത് അനുകൂലിയാണെന്നത് അദേഹത്തിന്‍റെ സംഘടനാ ചുമതലയില്‍ നിന്ന് തന്നെ വ്യക്തം. അതുമാത്രവുമല്ല, ഒട്ടേറെ പരാതികളില്‍ ആരോപണം നേരിട്ടിട്ടും ആലപ്പുഴ പോലുള്ള പ്രധാന സ്ഥലത്ത് ഡിവൈ.എസ്.പിയായി നിയമിച്ചതും രാഷ്ട്രീയ സ്വാധീനംകൊണ്ടെന്നാണ് ആക്ഷേപം.