പൂരങ്ങളുടെ പെരുമയുള്ള നഗരം ഇനി പുലിക്കളിയുടെ ആരവത്തിലേക്ക്. 9 ദേശങ്ങളിൽ നിന്ന് 400 ലേറെ പുലികളാണ് ശക്തന്റെ തട്ടകത്തെ വിറപ്പിക്കാൻ നാളെ ഇറങ്ങുക. ദേശങ്ങളെല്ലാം ആട്ടവും പാട്ടുമായി അവസാന വട്ട ഒരുക്കത്തിലാണ്.
ഇന്ന് 9 പുലിമടകൾ ഉണരും നാളെ സ്വരാജ് റൗണ്ട് പുലികളാൽ നിറയും.അരമണി കിലുക്കി താളം പിടിച്ച് പുലികളാടുമ്പോൾ ആവേശം വാനോളം ഉയരും. അതോടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം. പൂരത്തിന് എത്തുന്ന അത്രത്തോളം തന്നെ പുരുഷാരം പുലികളിക്കും എത്തും.ദേശങ്ങളിൽ പെയിൻ്റ് അരയ്ക്കൽ നടക്കുന്നു അവസാനവട്ട ഒരുക്കങ്ങളിലാണ് ദേശവും ദേശക്കാരും.
വർഷങ്ങൾക്കുശേഷമാണ് 9 ദേശക്കാർ പുലിക്കളിക്കായി എത്തുന്നത്. ഇതിനായി 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് കോർപ്പറേഷൻ ഉറപ്പുവരുത്തിയിട്ടുണ്ട്. നാളെ വടക്കുന്നാഥനെ സാക്ഷി നിർത്തി സായാഹ്നങ്ങളെ തൊട്ടു തലോടിക്കൊണ്ട് കുടവയർ കുലുക്കി, മുഖംമൂടി അണിഞ്ഞ്, താളത്തിനൊപ്പം ചുവടും പിടിച്ച് പുലികൾ ഹൃദയം കീഴടക്കാൻ ഇറങ്ങും. കാത്തിരിപ്പിന് ഇനി മണിക്കൂറുകളുടെ ആയുസ് മാത്രം. മഴ പെയ്യാതെ മാനം തെളിഞ്ഞ് നില്ക്കണമെന്ന പ്രാർത്ഥനയിലാണ് ഒരോ പുലിക്കളി പ്രേമികളും.