bevco-rushes

TOPICS COVERED

ഉത്രാടപ്പാച്ചിലൊന്നുമല്ലെങ്കിലും തിരുവോണപ്പിറ്റേന്ന് പതിവിലേറെ തിരക്ക് അനുഭവപ്പെട്ട ഒരിടമുണ്ടായിരുന്നു. കരുതല്‍ മദ്യം വാങ്ങാനെത്തിയവരുടെ നീണ്ടനിരയുണ്ടായിരുന്ന ബെവ്കോയുടെ ചില്ലറ വില്‍പ്പനശാലകള്‍. തിരക്ക് പരിഗണിക്കുമ്പോള്‍ ഉത്രാടനാളിലെ 137 കോടിയെന്ന റിക്കോര്‍ഡ് മദ്യവില്‍പ്പന മറികടന്നേക്കുമോ എന്ന സംശയവും തോന്നിയേക്കാം. തിരക്കുയരുന്നത് അത്ര നല്ലതല്ലെന്ന ഓര്‍മപ്പെടുത്തലോടെ പറയുന്നു മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്. 

കരുതലിന്‍റെ കൈയടക്കമാണിവിടെ. അരയിലൊതുക്കാം. നെഞ്ചോട് ചേര്‍ക്കാം. രഹസ്യഭാഗത്തൊളിപ്പിക്കാം. ചാക്കിലും, സഞ്ചിയിലും വരെ. സാധനം കിട്ടി. ഇനി മുഖ്യം ക്യാമറയില്‍ പതിയാതെ വീട്ടിലെത്തുകയെന്നതാണ്. പെട്ടി കവചമാക്കി വാഹനം പിടിക്കാന്‍ വെപ്രാളപ്പെടുന്നവര്‍. വരിനിന്ന് ഇഷ്ടപ്പെട്ട ബ്രാന്‍ഡ് കിട്ടിയതിന്‍റെ സന്തോഷത്തില്‍ ചേര്‍ത്ത് പിടിച്ച് നീങ്ങുന്നവര്‍. വണ്ടിയോടിക്കുമ്പോഴുള്ള സുരക്ഷയ്ക്കൊപ്പം ഹെല്‍മെറ്റിന് മറ്റൊരു ഉത്തരവാദിത്തമുണ്ടെന്ന് കൗണ്ടറിലെ കാഴ്ച തെളിയിക്കും. ഫുട്ബോള്‍ മല്‍സരാവേശത്തിനിടെ ഓടിവന്ന് ഓണം ഹാപ്പിയാക്കാന്‍ കൈകളില്‍ കരുതലൊരുക്കിയ യുവാവ്. ഒരയൊരു ലക്ഷ്യം മാത്രം. ഓണം അടിച്ചുപൊളിക്കണം. കളറാക്കണം. പവര്‍ വരണം. തിക്കിത്തിരക്കി സാധനം വാങ്ങി മടങ്ങിയവര്‍ വീണ്ടും കോടികളുടെ കിലുക്കം കൂട്ടാനുള്ള വെപ്രാളത്തിലെന്ന് വ്യക്തം. 

ഉത്രാടനാളില്‍ മാത്രം 137 കോടിയുടെ റിക്കോര്‍ഡ് മദ്യവില്‍പ്പനയുണ്ടായ നാട്ടില്‍ അതിലേറെ വില്‍പ്പനയുണ്ടാകുമോ എന്ന് സംശയിച്ച് പോകും. പണം നല്‍കുന്നതിനിടെ ജീവനക്കാരനോട് ഹാപ്പി ഓണമെന്ന് ആശംസിക്കാന്‍ മറക്കാത്ത മനസും കാണാതെ പോകരുത്.  എന്തായാലും സര്‍ക്കാരിന് ആശ്വസിക്കാം. സാമ്പത്തിക പ്രതിസന്ധി കൃത്യമായി മനസിലാക്കി മദ്യപന്മാര്‍ ഖജനാവിലേക്ക് കാര്യമായി സംഭാവന ചെയ്യുന്നുണ്ട്. ഇവരുടെ ഉദാരത കൂടിയില്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു ഓണവും ആഘോഷവഴികളും. 

ENGLISH SUMMARY:

Kerala Onam liquor sales reflect significant consumer spending during the festival. The high sales volume indicates both a cultural trend and a substantial contribution to state revenue.