ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഓണാഘോഷം സംഘടിപ്പിച്ച് ഷാർജ ഇന്ത്യൻ അസോസിയേഷൻ. ഷാർജ എക്‌സ്‌പോ സെന്ററിൽ നടന്ന വിപുലമായ പരിപാടിയിൽ 25,000ലധികം പ്രവാസികൾക്കാണ് വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയത്. വ്യവസായമന്ത്രി പി. രാജീവ് മുഖ്യ അതിഥിയായിരുന്നു.
റോബോട്ടിക് ആന, പഞ്ചാരിമേളം, കഥകളി, പുലികളി. ഘോഷയാത്രയോടെ ആഘോഷങ്ങൾക്ക് തുടക്കം. പൊതുസമ്മേളനം ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ ഉദ്‌ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് നിസ്സാർ തളങ്കര അധ്യക്ഷനായിരുന്നു. കിഫ്‌ബി പദ്ധതിയുൾപ്പെടെ പ്രവാസികളുടെ സഹായത്തോടെ സംസ്ഥാനത്തുണ്ടായ വികസനം വ്യവസായ മന്ത്രി പി.രാജീവ് മുഖ്യപ്രഭാഷണത്തിൽ എണ്ണിപ്പറഞ്ഞു. ചടങ്ങിൽ ഷാർജ ഇന്ത്യൻ അസോസിയേഷന്റെ മുൻ പ്രസിഡന്റുമാരെ ആദരിച്ചു. അൽ ഇബ്തിസാമ സ്പെഷ്യൽ നീഡ്‌സ് സ്കൂളിലെ കുട്ടികളുടെ കലാപരിപാടികൾ ഏറെ ശ്രദ്ധ നേടി.
ഒരു പന്തിയിൽ നാലായിരം പേർ എന്ന ക്രമത്തിൽ 25,000 പേർക്ക് സദ്യ വിളമ്പിയതാണ് ആഘോഷങ്ങളിലെ മുഖ്യ ആകർഷണം. വിവിധ എമിറേറ്റുകളിലെ അസോസിയേഷനുകൾ പങ്കെടുത്ത പൂക്കള മത്സരത്തിലെ വിജയികൾക്ക് വേദിയിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു. സിത്താര കൃഷ്ണകുമാറിന്റെ സംഗീത ബാൻഡ് ആയ 'പ്രൊജക്റ്റ് മലബാറിക്കസ്' അവതരിപ്പിച്ച സംഗീത വിരുന്നോടെ ഓണാഘോഷത്തിനു തിരശീല വീണു.