സംഘര്‍ഷങ്ങളെ തുടര്‍ന്ന് ആളൊഴിഞ്ഞ റിയാദ് വിമാനത്താവളം
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ തുടരവേ ഗള്‍ഫ് മേഖലയില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് അറബ് രാജ്യങ്ങളിലെ അതിസമ്പന്നര്‍. മിക്ക വിമാന സര്‍വ്വീസുകളും രാജ്യാന്തര വിമാനത്താവളങ്ങളും പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കവേ, ഒരേയൊരാശ്രയം സ്വകാര്യ ജെറ്റുകളാണ്. ഇതോടെ പ്രൈവറ്റ് ജെറ്റുകളുടെ വിലയും സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ന്യൂയോർക്ക് പോസ്റ്റിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് മിഡിൽ ഈസ്റ്റിൽ നിന്ന് സ്വകാര്യ ജെറ്റുകൾ ചാർട്ടർ ചെയ്യുന്നതിനായി 350,000 ഡോളറിൽ കൂടുതലാണ് അതിസമ്പന്നർ ചെലവഴിക്കുന്നത്. അതായത് മൂന്നുകോടിയിലധികം ഇന്ത്യന്‍ രൂപ (3,20,87,142 രൂപ). ഗള്‍ഫ് രാജ്യങ്ങളില്‍ താമസിക്കുന്നവരും അവധിക്കാലം ആഘോഷിക്കാനായി ഗള്‍ഫിലെത്തിയവരും ഈ സമ്പന്നരിലുണ്ട്. മാത്രമല്ല ഇത്തരത്തില്‍ രാജ്യം വിടാനുള്ള ഒരേയൊരു സുരക്ഷിതമായ എക്സിറ്റ് സൗദി അറേബ്യ മാത്രമാണ്.
സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലെ വിമാനത്താവളമാണ് ഗള്‍ഫ് മേഖലയില്‍ ഇപ്പോഴും പ്രവർത്തിക്കുന്ന ചുരുക്കം ചില വിമാനത്താവളങ്ങളിലൊന്ന്. അറബ് രാജ്യങ്ങള്‍ക്കിടയിലെ വിമാന സര്‍വ്വീസുകളും നിലച്ചതോടെ പത്തുമണിക്കൂറില്‍ കൂടുതല്‍ യാത്ര ചെയ്താണ് സ്വകാര്യ ജെറ്റുകളില്‍ കയറി നാടുവിടാന്‍ സമ്പന്നര്‍ റിയാദിലേക്കെത്തുന്നത്. ഇതോടെ ദുബായിൽ നിന്ന് റിയാദിലേക്ക് ആളുകളെ സുരക്ഷിതമായി എത്തിക്കാനായി വന്‍തുക വാങ്ങി സ്വകാര്യ സുരക്ഷാ കമ്പനികളും രംഗത്തെത്തിയിട്ടുണ്ട്.
റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളമാണ് ഈ എക്സിറ്റ് പോയിന്‍റ്. അഞ്ച് പാസഞ്ചർ ടെർമിനലുകൾ ഉള്ള വിമാനത്താവളത്തിൽ സാധാരണയായി യൂറോപ്പ്, അമേരിക്ക, ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് വിമാന സർവീസുകൾ നടത്താറുണ്ടായിരുന്നു. സൗദി അറേബ്യയിലെ വീസ നിയമങ്ങളിൽ ഇളവ് വരുത്തിയതാണ് അടിയന്തര എക്സിറ്റ് റൂട്ടായി റിയാദ് മാറാന്‍ കാരണം. മുൻകൂർ വീസ നേടുന്നതിനുപകരം, പല രാജ്യക്കാർക്കും ഇപ്പോൾ വിമാനത്താവളത്തില്‍ എത്തിച്ചേരുമ്പോൾ തന്നെ വീസ ലഭിക്കും.
മാത്രമല്ല റിയാദില്‍ ഇതുവരെ ആക്രമണങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമില്ല. ഇറാനെതിരായ ആക്രമണങ്ങൾക്ക് സൗദി പ്രദേശമോ വ്യോമാതിർത്തിയോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നിര്‍ദേശമുണ്ട്. ഇതേതുടര്‍ന്ന് സൗദിയുടെ വ്യോമാതിർത്തിയും തുറന്നിട്ടിരിക്കുകയാണ്. ഒമാനിലും ഇറാന്‍ ആക്രമണം ഉണ്ടായതിനാല്‍ ഒമാന്‍ വഴി രാജ്യം വിടാനുള്ള മാര്‍ഗവും അടഞ്ഞിരിക്കുകയാണ്. ഇതും റിയാദിനെ ഏറ്റവും സുരക്ഷിതവും പ്രായോഗികവുമായ എക്സിറ്റ് ആക്കി മാറ്റുന്നുണ്ട്.