അബുദാബിയിലേക്ക് പറന്നുയര്‍ന്ന ഇന്‍ഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൊച്ചിയില്‍ തിരിച്ചിറക്കി. A 320 വിമാനമാണ് പുലര്‍ച്ചെ ഒരുമണിയോടെ തിരിച്ചിറക്കിയത്. 180 യാത്രക്കാരും ആറ് ജീവനക്കാരുമായി അബുദാബിയിലേക്ക് ഇന്നലെ രാത്രി 11.10നായിരുന്നു വിമാനം കൊച്ചിയില്‍ നിന്ന് പുറപ്പെട്ടത്. രണ്ടു മണിക്കൂര്‍ പറന്ന ശേഷമാണ് വിമാനത്തില്‍ സാങ്കേതിക തകരാര്‍ സ്ഥിരീകരിച്ചത്. പിന്നാലെ നെടുമ്പാശ്ശേരിയിലേക്ക് തിരിച്ച് പറക്കുകയായിരുന്നു.
സംഭവത്തില്‍ ഇന്‍ഡിഗോ ഇതുവരേക്കും ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. വിമാനം തിരികെ നെടുമ്പാശേരിയില്‍ ഇറങ്ങിയതിന് പിന്നാലെ യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കയറ്റുകയും പുലര്‍ച്ചെ മൂന്നരയോടെ അബുദാബിയിലേക്ക് യാത്ര തിരിക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അബുദാബിയിലേക്ക് പുറപ്പെട്ട വിമാനത്തില്‍ അടുത്ത ഷിഫ്റ്റിലെ ജീവനക്കാരാണ് ഉണ്ടായിരുന്നതെന്നും നേരത്തെയുള്ളവരുടെ ഡ്യൂട്ടി സമയം പൂര്‍ത്തിയായതിനാല്‍ അവര്‍ മടങ്ങിയെന്നും യാത്രക്കാരും പറയുന്നു. വിമാനം പാതി വഴിയില്‍ വച്ച് തിരിച്ചു പറന്നായി ഫ്ലൈറ്റ് റഡാര്‍ രേഖയിലുമുണ്ട്.