പ്രതീകാത്മക ചിത്രം (image credit: tehrantimes)

മധ്യപൂര്‍വ ദേശത്ത് യുദ്ധം കഠിനമാകുന്നു. കടല്‍ വെള്ളം ശുദ്ധീകരിക്കുന്ന ഇറാന്‍റെ പ്ലാന്‍റ് യുഎഇ ആക്രമിച്ചുവെന്നാണ് ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫെബ്രുവരി 28 മുതല്‍ യുഎഇയിലെ അമേരിക്കന്‍ സൈനികത്താവളങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തുന്ന ആക്രമങ്ങള്‍ക്ക് ഇതാദ്യമായാണ് യുഎഇ തിരിച്ചടിക്കുന്നതെന്നും ഇസ്രയേലി മാധ്യമങ്ങള്‍ എഴുതുന്നു. 

ആരോപണം എന്ത്? കടല്‍വെള്ളത്തില്‍ നിന്നും ഉപ്പും മറ്റ് ധാതുക്കളും വേര്‍തിരിച്ച് ശുദ്ധജലമാക്കുന്ന പ്ലാന്റിലാണ് യുഎഇയുടെ ആക്രമണം ഉണ്ടായതെന്നാണ് ജെറുസലേം പോസ്റ്റും ദ് ചോസണുമടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതാദ്യമായാണ് അമേരിക്കയ്ക്കും ഇസ്രയേലിനുമൊപ്പം യുദ്ധത്തില്‍ ഒരു ഗള്‍ഫ് രാജ്യം കൂടി ചേരുന്നതും ഇറാനെ ആക്രമിക്കുന്നതും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. ഇതോടെ യുദ്ധം രൂക്ഷമാകുമെന്നും കൂടുതല്‍ സൈനികനടപടിയുണ്ടാകുമെന്നും വേണം കരുതാനെന്ന് ഇസ്രയേലിലെ ഓണ്‍ലൈന്‍ മാധ്യമമായ വൈനെറ്റില്‍ പറയുന്നു. സൈനിക നടപടിക്ക് പുറമെ ഇറാന്‍റെ ശതകോടികളുടെ ആസ്തികള്‍ മരവിപ്പിക്കാനും യുഎഇയ്ക്ക് പദ്ധതിയുണ്ടെന്ന് വാള്‍സ്ട്രീറ്റ് ജേണലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

യുഎഇ പറയുന്നതെന്ത്? ഇറാന്‍റെ ജലശുദ്ധീകരണ പ്ലാന്‍റ് ആക്രമിച്ചുവെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് യുഎഇ വ്യക്തമാക്കി. വാര്‍ത്ത യുഎഇ നിഷേധിച്ചതിന് പിന്നാലെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കേന്ദ്രങ്ങള്‍ ആക്രമിച്ചാവില്ല യുദ്ധത്തില്‍ യുഎഇ പങ്കാളിയാവുകയെന്നും പകരം സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചേക്കാമെന്നും ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് തിരുത്തി. ഇറാനെ യുഎഇ ആക്രമിച്ചിട്ടില്ലെന്ന് ഇസ്രയേല്‍ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. സൈനികനടപടിയില്‍ യുഎഇ ഇതുവരെ പങ്കാളിയായിട്ടില്ലെന്നാണ് ഐഡിഎഫ് വ്യക്തമാക്കുന്നത്

ആക്രമണം സ്ഥിരീകരിക്കാതെ ഇറാന്‍

സമുദ്രജല ശുദ്ധീകരണ പ്ലാന്‍റിന് നേരെ ആക്രമണം ഉണ്ടായാതായി ഇറാനും ഇതുവരെ സ്ഥീരികരിച്ചിട്ടില്ല. ഏത് പ്ലാന്‍റാണെന്നോ മറ്റ് വിവരങ്ങളോ ഇസ്രയേലി മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ ഇല്ലെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത നിലയില്‍ പ്ലാന്‍റ് ആക്രമിച്ചിട്ടില്ലെന്ന യുഎഇയുടെ വാക്കുകള്‍ വേണം മുഖവിലയ്ക്കെടുക്കാന്‍. 

ഫെബ്രുവരി 28ന് അബുദബിയടക്കമുള്ള സ്ഥലങ്ങള്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെ തന്നെ തിരിച്ചടിക്കുമെന്നും അതിനുള്ള ധാര്‍മികമായ എല്ലാ അവകാശവും യുഎഇയ്ക്ക് ഉണ്ടെന്നും യുഎഇ പ്രസ്താവനയിലൂടെ പ്രഖ്യാപിക്കുകയും ഇറാന്‍റെ ആക്രമണത്തെ അപലപിക്കുകയും ചെയ്തിരുന്നു. പിന്നീട് ദുബായ് ലക്ഷ്യമിട്ടും ഫുജൈറ ലക്ഷ്യമിട്ടും മിസൈല്‍–ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടാവുകയും ദുബായ് വിമാനത്താവളം താല്‍കാലികമായി അടയ്ക്കുകയും ചെയ്യേണ്ടി വന്നിരുന്നു. ഫുജൈറയിലെ എണ്ണ സംഭരണശാലകള്‍ ലക്ഷ്യമിട്ടെത്തിയ ഡ്രോണ്‍ യുഎഇ തകര്‍ത്തതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇറാന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായതായി യുഎഇ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനില്‍ നിന്നെത്തിയ 16 മിസൈലുകള്‍ പ്രതിരോധിച്ചുവെന്നും ഒരെണ്ണം കടലില്‍ വീണുവെന്നും 117 ഡ്രോണുകള്‍ പ്രതിരോധിച്ചുവെന്നും നാലെണ്ണം പതിച്ചുവെന്നും പ്രതിരോധമന്ത്രാലയം കുറിപ്പില്‍ വ്യക്തമാക്കി. 

ENGLISH SUMMARY:

The UAE has officially denied Israeli media reports claiming it launched airstrikes on an Iranian desalination plant on March 8, 2026. While outlets like The Jerusalem Post initially reported the strike as UAE's first direct military retaliation against Iran, the UAE government dismissed these claims as factually incorrect. The IDF also confirmed that the UAE has not yet joined active military operations against Tehran. Tensions remain high following Iranian drone and missile attacks on Abu Dhabi, Dubai, and Fujairah, which have claimed four lives in the UAE. Reports suggest the UAE might consider freezing Iranian assets as a strategic alternative to military action