Image: Manorama
ഹോര്‍മുസില്‍ നിന്നും വരുന്ന ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം നടത്താന്‍ ഇറാന്‍ പദ്ധതിയിട്ടിരുന്നെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒമാന്‍ തീരക്കടലില്‍ ഇന്ത്യന്‍ ജീവനക്കാരുണ്ടായിരുന്ന മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായതിനു പിന്നാലെയാണ് ട്രംപിന്റെ അവകാശവാദം. ഇറാന്റെ ഈ നടപടി തീര്‍ത്തും അസ്വീകാര്യമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഇറാന്റെ പദ്ധതി പരാജയപ്പെട്ടെന്നും ട്രംപ് പറയുന്നു.
പലാവു പതാകയുണ്ടായിരുന്ന എംടി സെറ്റ്ബല്ലോയ്ക്കു നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ ജീവനക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഈ സംഭവം ആശങ്കാജനകമാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉടനടി നടപടി വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
അതേസമയം തന്നെ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട യുഎസ്–ഇറാന്‍ കരാര്‍ വിവരങ്ങള്‍ ചോര്‍ന്നതിലും ട്രംപ് അസംതൃപ്തി രേഖപ്പെടുത്തി. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്, എന്നാല്‍ ഇറാൻ പുറത്തുവിട്ട കരാറിന്റെ കരട് സത്യവുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്നും, ഇറാനുമായി നല്ല വിശ്വാസത്തോടെ ഇടപാടുകൾ നടത്തുക അസാധ്യമാണെന്നും ട്രംപ് വിമർശിച്ചു.
കരാറുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങള്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും തള്ളി. കരാര്‍ ഒപ്പിടുന്നതിന് ഇറാന് പണമൊന്നും ലഭിക്കില്ലെന്നും ബാധ്യതകള്‍ നിറവേറ്റിയാല്‍ മാത്രമേ അവര്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കൂവെന്നും വാന്‍സ് പറയുന്നു.