കേരള പൊലീസിന് ഒന്നടങ്കം നാണക്കേടായ തൃശൂര്‍ കുന്നംകുളത്തെ കസ്റ്റഡി മര്‍ദനത്തില്‍ എസ്.ഐ അടക്കം നാല് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. പിരിച്ചുവിടല്‍ പോലുള്ള തടസമില്ലെന്ന് നിയമോപദേശം ലഭിച്ചതോടെ തുടര്‍നടപടിക്കും ഉത്തരമേഖല ഐ.ജി തുടക്കം കുറിച്ചു. എന്നാല്‍ സസ്പെന്‍ഷന്‍ പോര, പിരിച്ചുവിടണമെന്ന് മര്‍ദനമേറ്റ സുജിത്തും സമരം തുടരുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശനും അറിയിച്ചു.
ഓണക്കാലത്ത് കേരള പൊലീസിന് തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയാക്കിയത് ഈ ഇടിയന്‍മാരാണ്. എസ്.ഐ നൂഹ്മാന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശശിധരന്‍, സി.പി.ഒമാരായ സന്ദീപും സജീവനും. ഒരുകാരണവുമില്ലാതെ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ ക്രൂരമായി മര്‍ദിച്ചിട്ടും കാക്കിയിട്ട് വിലസിയിരുന്ന നാല് പേര്‍ക്കും ഇനി കാക്കിയും തൊപ്പിയും അഴിച്ചുവെച്ച് വീട്ടില്‍പോകാം.
ക്രിമിനല്‍ കേസില്‍ പ്രതിയായ ഇവര്‍ ജോലിയില്‍ തുടര്‍ന്നാല്‍ സത്യസന്ധമായ വിചാരണ നടക്കില്ലെന്ന തൃശൂര്‍ റേഞ്ച് ഡി.ഐ.ജി ഹരിശങ്കറിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഉത്തരമേഖല ഐജി രാജ്പാല്‍ മീണ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കി. എന്നാല്‍ സസ്പെന്‍ഷനിലും മര്‍ദിച്ച അഞ്ചാമന്‍ സുബൈറിനെതിരെ നടപടിയില്ലാത്തതിലും സുജിത്ത് തൃപ്തനല്ല. പിരിച്ചുവിടുംവരെ സമരമെന്ന് പ്രതിപക്ഷവും അറിയിച്ചു.
സസ്പെന്‍ഷന്‍ കൊണ്ട് പ്രശ്നം തീരില്ലെന്ന് തിരിച്ചറിയുന്ന പൊലീസ് പിരിച്ചുവിടലിലേക്ക് നടപടി തുടങ്ങി. മര്‍ദനം നടന്ന 2023ല്‍ സ്വീകരിച്ച രണ്ട് വര്‍ഷത്തെ ശമ്പളവര്‍ധന തടയലെന്ന നടപടി പുനപരിശോധിക്കാന്‍ തീരുമാനിച്ചെന്നും ഉത്തരവിലെഴുതിയത് ഇതിന്‍റെ ഭാഗമാണ്. ഒരു തവണ നടപടിയെടുത്തതിനാലും കേസ് കോടതിയുടെ പരിഗണനയിലായതിനാലും ഇനി നടപടി സാധ്യമല്ലെന്നായിരുന്നു ആദ്യവിലയിരുത്തല്‍. എന്നാല്‍ 2023ലെ നടപടിയുടെ പുനപരിശോധനയെന്ന പേരില്‍ കടുത്ത നടപടിയിലേക്ക് കടക്കാമെന്നാണ് ഡി.ജി.പിക്ക് ലഭിച്ച നിയമോപദേശം.