തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതനെതിരെ ചുമത്തിയ കാപ്പ പ്രകാരമുള്ള കരുതൽ തടങ്കൽ ഹൈക്കോടതി റദ്ദാക്കി. കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവാണ് ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രനും മുരളി പുരുഷോത്തമനും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. സുഗതന്‍റെ ഭാര്യ ജി.ആർ. അശ്വതി നൽകിയ ഹർജി പരിഗണിച്ചാണ് കോടതി നടപടി.
കാപ്പ തടങ്കലിന് ആധാരമായ രേഖകൾ പൂർണമായി നൽകിയില്ലെന്നും ചില രേഖകളിലെ പേജുകൾ ലഭ്യമല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ ഒത്തുതീർപ്പായ കേസുകൾ തടങ്കൽ ഉത്തരവിറക്കിയ അധികാരി പരിഗണിച്ചില്ലെന്നും സുഗതനെതിരായ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലുള്ള സുഗതന് കോടതി ഉത്തരവോടെ പുറത്തിറങ്ങാനാകും.
വട്ടിയൂർക്കാവ് പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ആർ. സുഗതനെന്നാണ് പൊലീസ് രേഖകൾ വ്യക്തമാക്കുന്നത്. 2019 ഓഗസ്റ്റ് 25-ന് ഒരാളെ കല്ലുകൊണ്ട് തലയ്ക്കടിച്ച സംഭവത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. 2023 ജൂലൈയിൽ മറ്റൊരാളുടെ വീട്ടിൽ അതിക്രമിച്ച് കയറി വാഹനങ്ങളും വീടും ആക്രമിച്ച് നശിപ്പിച്ചെന്ന കേസിലും, ഭർത്താവിനോടുള്ള വിരോധത്തിന്റെ പേരിൽ ഭാര്യയെ വീട്ടിൽ കയറി ആക്രമിച്ചെന്ന കേസിലും സുഗതൻ പ്രതിയാണ്.
2025 മാർച്ച് 14-ന് ബിസിനസ് തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച സംഭവത്തിലും വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിരുന്നു. 2025 ജൂലൈ 25-ന് സെക്യൂരിറ്റി ജീവനക്കാരന് പണം നൽകാത്തതിനെ തുടർന്ന് ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന കേസിലും സുഗതൻ പ്രതിയാണ്. 2026 ഫെബ്രുവരി രണ്ടിന് അന്നത്തെ എം.എൽ.എ വി.കെ. പ്രശാന്തിന്റെ പരാതിയിൽ ശിശുമന്ദിരത്തിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തി ഉദ്ഘാടന ചടങ്ങ് തടസ്സപ്പെടുത്തിയെന്ന കേസും റജിസ്റ്റർ ചെയ്തിരുന്നു.
ഈ കേസുകൾ നിലവിലിരിക്കെയാണ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സുഗതനെ വാഴോട്ടുകോണം ഡിവിഷനിൽ സ്ഥാനാർഥിയാക്കിയത്. കാപ്പ തടങ്കൽ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുഗതനും ബിജെപിക്കും ആശ്വാസമായി.