ജിഎസ്‍ടി ഇളവുകള്‍ ഏറ്റവും ആശ്വാസം നല്കുന്നത് അര്‍ബുദ രോഗികള്‍ക്ക്. 33 ഇനം കാന്‍സര്‍ മരുന്നുകള്‍ക്ക് നികുതി എടുത്ത് കളഞ്ഞതോടെ ഇവയുടെ വില ഗണ്യമായി കുറയും. എസ് എം എ, ഹീമോഫീലിയ പോലുളള ചില ജനിതക രോഗങ്ങളുടെ മരുന്നുകള്‍ക്കും നികുതിയിളവുണ്ട്.
വിവിധ അര്‍ബുദ രോഗങ്ങള്‍ക്ക് ആശ്വസമേകുന്ന ട്രാസ്റ്റുസുമാബ് ഇന്‍ജക്ഷന്‍ ഒരു കുത്തിവയ്പിന് 54,650 രൂപ വില വരും. 12 ശതമാനം നികുതി എടുത്തുകളഞ്ഞതോടെ 6558 രൂപ എന്ന വലിയ തുകയുടെ കുറവു വരും വിലയില്‍. ഇതുപോലെ അര്‍ബുദ ചികില്‍സയ്ക്ക് ഉപയോഗിക്കുന്ന 33 ഇനം ജനറിക് മരുന്നുകളുടെ ജിഎസ് ടിയാണ് എടുത്തു കളഞ്ഞത്. രക്താര്‍ബുദം , ശ്വാസ കോശ അര്‍ബുദം എന്നിവയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളാണ് ഏറെയും. രാജ്യത്ത് കൂടുതലായി കണ്ടുവരുന്ന ഗര്‍ഭാശയഗള കാന്‍സറിന്‍റെയും സ്തനാര്‍ബുദത്തിന്‍റെയും എല്ലാ മരുന്നുകളുടെയും നികുതി ഒഴിവാക്കി.
33 ഇനം ജനറിക് മരുന്നുകള്‍ എന്നു പറയുമ്പോള്‍ 500നും 750 നുമിടയ്ക്ക് ബ്രാന്‍ഡഡ് മരുന്നുകളില്‍ ഈ സംയുക്തങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. അപ്പോള്‍ അത്രത്തോളം മരുന്നുകളുടെയും വില കുറയും. കോടികള്‍ മരുന്നിനുമാത്രം വേണ്ടി വരുന്ന എസ്എംഎ രോഗചികില്‍സയിലാണ് ജിഎസ്‌ടി ഇളവുകള്‍ മറ്റൊരു നേട്ടമാകുന്നത്. നാഡിവ്യൂഹത്തേയും പേശികളേയും ബാധിക്കുന്ന രോഗചികില്‍സയുടെ മരുന്നുകളെ നികുതിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കി. ഹീമോഫീലിയ മരുന്നുകള്‍ക്കും ഇളവ് ലഭിക്കും. ഗൗച്ചര്‍ , പോംപെ തുടങ്ങിയ വൈകല്യ രോഗങ്ങളുടെ മരുന്നുകള്‍ക്കും കാര്യമായി വില കുറയും.
ചുരുക്കി പറഞ്ഞാല്‍ ആയിരങ്ങള്‍ മുതല്‍ കോടികള്‍ വരെയുളള വില വ്യത്യാസമാണ് അവശ്യ ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് ലഭിക്കുന്നത്. അര്‍ബുദ മരുന്നിനു പോലും നികുതി എന്ന ആക്ഷേപത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാരും കരകയറും.