കേരളത്തെ ഞെട്ടിച്ച കോടികളുടെ പാതിവില തട്ടിപ്പിൽ പ്രത്യേക അന്വേഷണം പാതിവഴിയിൽ അവസാനിപ്പിച്ച് സർക്കാർ. പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ടു. നീക്കം കേസന്വേഷണം അട്ടിമറിക്കാനെന്നും പ്രതികൾക്ക് ഗുണകരമാകുമെന്നുമാണ് ആക്ഷേപം.

പാതിവിലയ്ക്ക് ലാപ്ടോപ്പുകൾ, സ്കൂട്ടറുകൾ എന്നിവയെല്ലാം നൽകാമെന്ന് പറഞ്ഞ് തട്ടിച്ചത് 500 കോടിയിലേറെ. കാസർകോട് മുതൽ തിരുവനന്തപുരം വരെ 1400 പരാതികൾ. അന്വേഷണം പാതിയിലെത്തി നിൽക്കെ അന്വേഷണ സംഘത്തലവനായിരുന്ന ക്രൈംബ്രാഞ്ച് എസ്.പി. എം.ജെ. സോജനെ വിജിലൻസിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെയാണ് അന്വേഷണസംഘം തന്നെ ഇല്ലാതായത്.

പ്രത്യേക സംഘം ഇനി വേണ്ടെന്നും ക്രൈംബ്രാഞ്ചിന്റെ അതാത് യൂണിറ്റുകൾ അന്വേഷിച്ചാൽ മതിയെന്നുമാണ് സർക്കാർ നിലപാട്. നാഷണൽ എൻ.ജി.ഒ. കോൺഫെഡറേഷൻ ചെയർമാൻ കെ.എൻ. ആനന്ദകുമാർ, കോർഡിനേറ്റർ അനന്തു കൃഷ്ണൻ എന്നിവരാണ് മുഖ്യ പ്രതികൾ.

പ്രത്യേക അന്വേഷണസംഘം പിരിച്ചുവിട്ടതോടെ കേസന്വേഷണവും അവതാളത്തിലായി. കേരളത്തിൽ ഉടനീളം പരാതികളുള്ള കേസ് ഏകീകൃത സ്വഭാവത്തോടെ അന്വേഷിച്ചില്ലെങ്കിൽ പ്രതികൾക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

പരസ്പരവിരുദ്ധമായ കണ്ടെത്തലുകൾ സംഭവിക്കാനും വിചാരണ നീണ്ടുപോകാനും ഇടയുണ്ടെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ അന്വേഷണം അവസാനിക്കുന്നില്ലെന്നും ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തുമെന്നുമാണ് ആഭ്യന്തര വകുപ്പ് വിശദീകരിക്കുന്നത്.