ancy-death

TOPICS COVERED

വാളയാറില്‍ ഓണാഘോഷത്തിനായി കോളജിലേക്കു പോകുമ്പോൾ സ്കൂട്ടർ അപകടത്തിൽ കോളജ് അധ്യാപിക ഡോ.എൻ.എ.ആൻസി (36) മരിച്ചത് അ‍ജ്ഞാത വാഹനം ഇടിച്ചല്ലെന്നു പൊലീസ്. സ്കൂട്ടർ നിയന്ത്രണം തെറ്റി ഡിവൈഡറിലും സുരക്ഷാകവചമായി സ്ഥാപിച്ചിട്ടുള്ള ഇരുമ്പു കമ്പികളിലും ഇടിച്ചുകയറി സർവീസ് റോഡിലേക്കു തെറിച്ചുവീണെന്നുമാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. സ്കൂട്ടറിൽ പോവുകയായിരുന്ന ആൻസിയെ അജ്ഞാതവാഹനം ഇടിച്ചുവീഴ്ത്തിയെന്നായിരുന്നു ആദ്യവിവരം.

ബന്ധുക്കളുടെ നിർദേശപ്രകാരം മറ്റിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും ഇതു പൂർത്തിയാകുമ്പോഴേ അപകടകാരണം സംബന്ധിച്ചു വ്യക്തത വരികയുള്ളുവെന്നും വാളയാർ ഇൻസ്പെക്ടർ എൻ.എസ്.രാജീവ് അറിയിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസറായ ആൻസി സഞ്ചരിച്ച സ്കൂട്ടർ ഇന്നലെ രാവിലെ 10.50നു കഞ്ചിക്കോട് റെയിൽവേ സ്റ്റേഷൻ ജംക്‌ഷനു സമീപമാണ് അപകടത്തിൽപ്പെട്ടത്.

സ്കൂട്ടറിൽ പോവുകയായിരുന്ന ആൻസിയെ വാഹനം ഇടിച്ചുവീഴ്ത്തിയെന്നായിരുന്നു ആദ്യനിഗമനം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സ്കൂട്ടറിനു പിന്നാലെ മറ്റു വാഹനങ്ങൾ ഉണ്ടായിരുന്നില്ലെന്നു വ്യക്തമായി. സ്കൂട്ടർ നിയന്ത്രണം തെറ്റി ഡിവൈഡറിലും ഇരുമ്പു കമ്പികളിലും ഇടിച്ചുകയറിയെന്നാണ് പൊലീസ് പരിശോധനയിൽ കണ്ടെത്തിയത്. റോഡിലേക്കു തെറിച്ചുവീണ ഇവരുടെ വലതുകൈ വേർപെട്ട നിലയിലായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പാലക്കാട് സ്റ്റേഡിയം റോഡ് മാങ്കാവ് വീട്ടിൽ ആന്റണി നീലങ്കാവിന്റെയും പരേതയായ ബേബിയുടെയും മകളാണ്. കൊച്ചിയിൽ സ്വകാര്യ കമ്പനി ജീവനക്കാരനായ, പാലക്കാട് ചക്കാന്തറ കൈക്കുത്തുപറമ്പ് ആലുക്കാപറമ്പിൽ വിപിന്റെ ഭാര്യയാണ്. ഓസ്റ്റിൻ, ആൽസ്റ്റൺ എന്നിവരാണു മക്കൾ. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്നു ബന്ധുക്കൾക്കു വിട്ടുനൽകും. സംസ്കാരം ഇന്ന് 4.30നു ചക്കാന്തറ സെന്റ് റാഫേൽസ് കത്തീഡ്രൽ സെമിത്തേരിയിൽ.

ENGLISH SUMMARY:

Walayar Accident: A college professor died in a scooter accident near Walayar while going to college for Onam celebrations. Police suspect the scooter lost control and crashed into a divider, not an unidentified vehicle, leading to her death.