ഓണത്തോടനുബന്ധിച്ച് കൈത്തറി വകുപ്പിന് 14 കോടി രൂപ അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയെന്ന് മന്ത്രി പി രാജീവ്. ഇതോടെ സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികൾക്ക് ഓണക്കാലം ആഘോഷക്കാ ലമായി മാറുമെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
3 മാസത്തെ നെയ്ത്ത് കൂലിയാണ് തൊഴിലാളികൾക്ക് ലഭ്യമാകുന്നത്. ഈ സാമ്പത്തിക വർഷം 40 ലക്ഷം കൈത്തറി സ്കൂൾ യൂണിഫോം തുണിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 20.58 കോടി രൂപ അനുവദിച്ചതിന് പുറമെയാണ് ഇപ്പോൾ 14 കോടി രൂപകൂടി അനുവദിച്ചത്.
നെയ്ത്ത് കൂലി കുടിശ്ശിക ഓണത്തിന് മുൻപ് നൽകുമെന്ന് കൈത്തറി ദിനത്തിൽ ഞങ്ങൾ നൽകിയ പ്രഖ്യാപനം കൂടി നിറവേറ്റിയാണ് മറ്റ് പരമ്പരാഗത വ്യവസായങ്ങൾക്കൊപ്പം കൈത്തറിയേയും ചേർത്തുപിടിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.