ഓണത്തിനു നാട്ടിലേക്കു മടങ്ങുന്ന മലയാളികളെ പെരുവഴിയിലാക്കില്ലെന്നു കര്‍ണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി മനോരമ ന്യൂസിനോട്. തിരക്കിനനുസരിച്ചു കേരളത്തിലെ വിവിധ നഗരങ്ങളിലേക്കു സര്‍വീസുകള്‍ നടത്താന്‍ കര്‍ണാടക ആര്‍.ടി.സിക്കു നിര്‍ദേശം നല്‍കിയെന്നു മന്ത്രി പറഞ്ഞു. ഇതിനകം 90 സ്പെഷ്യല്‍ സര്‍വീസുകളാണ് കര്‍ണാടക ആര്‍.ടി.സി. പ്രഖ്യാപിച്ചിരിക്കുന്നത്.
ബെംഗളുരു, മൈസുരു എന്നിവിടങ്ങളില്‍ നിന്നാണു കര്‍ണാടക ആര്‍.ടി.സിയുടെ. പ്രത്യേക സര്‍വീസുകള്‍. ഇന്നും നാളെയും മറ്റന്നാളുമായാണു സര്‍വീസുകള്‍. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, പാലക്കാട് എറണാകുളം കോട്ടയം, തിരുവനന്തപുരം, മൂന്നാര്‍ തുടങ്ങിയ നഗരങ്ങളിലേക്കാണ് പ്രീമിയം എ.സി. സ്ലീപ്പര്‍, സീറ്റര്‍ ബസുകളാണ് അനുവദിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ ഇനിയും ബസുകളോടിക്കുമെന്നും ആരും പെരുവഴിയിലാകില്ലെന്നും കര്‍ണാടക ഗതാഗത മന്ത്രി മനോരമ ന്യൂസിനോടു വ്യക്തമാക്കി.
തിരുവോണ ദിവസം വൈകീട്ടു മുതല്‍ ഈ ബസുകള്‍ കേരളത്തില്‍ നിന്ന് തിരിച്ചും സര്‍വീസ് നടത്തുമെന്നതിനാല്‍ മടക്ക യാത്രയ്ക്കൊരുങ്ങുന്നവര്‍ക്ക് വലിയ ആശ്വാസമാകും. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കേരള ആര്‍.ടി.സിയും ദിവസവും 40 പ്രത്യേക സര്‍വീസുകളുമായി രംഗത്തുണ്ട്. ഇക്കാരണത്താല്‍ തന്നെ സ്വകാര്യ ബസുകളില്‍ മുന്‍കാലങ്ങളിലുണ്ടായിരുന്നതുപോലുള്ള വന്‍ തിരക്ക് ഇത്തവണയില്ല.