തിരുവനന്തപുരം പാറശാല ആശുപത്രിയില്‍ മുഖ്യമന്ത്രി കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്തത് പണി തീരാത്ത കെട്ടിടം. ഒരു ഉപകരണം പോലും വാങ്ങിയിടാത്ത ഡയാലിസിസ് യൂണിറ്റാണ് 2 കോടി മുടക്കി പ്രവര്‍ത്തന സജ്ജമാക്കിയെന്ന് പ്രചാരണം നടത്തുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുംമുമ്പ് ഉദ്ഘാടനം നടത്താനുളള തിടുക്കമെന്നാണ് ആക്ഷേപം.
പാറശാല താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ പുതിയ മന്ദിരത്തിന്‍റേയും ഡയാലിസിസ് യൂണിറ്റിന്‍റേയും ഉദ്ഘാടനം നടന്നത് ഇന്നലെ. ഉദ്ഘാടകനായത് മുഖ്യമന്ത്രി. ഒപ്പം ആരോഗ്യമന്ത്രിയും. വാദ്യഘോഷങ്ങളോടെ നടന്ന ഉദ്ഘാടനത്തിന് ശേഷം ഞങ്ങള്‍ പുതിയ കെട്ടിടം ഒന്ന് ചുറ്റിക്കണ്ടു. പുറമേയ്ക്ക് മനോഹരമായ കെട്ടിടം പക്ഷേ അകത്തോ?
ആദ്യം കണ്ടത് ഡയാലിസിസ് യൂണിറ്റ് . യന്ത്രങ്ങളോ ബെഡുകളോ ഒന്നുമില്ലാത്ത വെറും മുറികള്‍, ചിലയിടത്ത് യന്ത്രങ്ങള്‍ പിടിപ്പിക്കാനുളള സംവിധാനങ്ങള്‍ നോക്കുകുത്തികളായുണ്ട്. മൂന്ന് ഓപ്പറേഷന്‍ തിയറ്ററുകളില്‍ ഒരെണ്ണം മാത്രമാണ് ഭാഗികമായെങ്കിലും പണി തീര്‍ന്നത്. ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവും രോഗികളെ കിടത്താന്‍ വിഭാവനം ചെയ്തിട്ടുളള അത്യാധുനിക സംവിധാനങ്ങള്‍ വേണ്ട മുറികളും കാലിയാണ്.
ഒ പി ബ്ലോക്കില്‍ ഒരു കസേര പോലും ഇട്ടിട്ടില്ല. മറ്റ് പരിശോധനാ സംവിധാനങ്ങളുടെ കാര്യം പറായാതിരിക്കുകയാണ് ഭേദം. കെട്ടിടത്തിന്‍റെ മുകള്‍ നിലകളില്‍ വൈദ്യുതി പോലും ഇല്ല. ലിഫ്റ്റിന്‍റെ സേഫ്റ്റി പരിശോധന പോലും നടത്തിയിട്ടില്ല. പുതിയ ആശുപത്രി കെട്ടിടം അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിലെ തുറുപ്പു ചീട്ടാണ്. 48 കോടി മുടക്കിയെന്നാണ് ആരോഗ്യമന്ത്രിയുടെ സമൂഹമാധ്യമ പോസ്റ്റ്. പക്ഷേ മേനി പറച്ചിലിനപ്പുറം പാവപ്പെട്ട രോഗികള്‍ക്ക് പുതിയ കെട്ടിടത്തിന്‍റെ ഡയാലിസിസ് യൂണിറ്റിന്‍റെ പ്രയോജനം എപ്പോള്‍ ലഭിക്കുമെന്നതാണ് ചോദ്യം.