TOPICS COVERED

തൃശൂര്‍ നഗരമധ്യത്തിലെ ഫ്ളാറ്റില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയും ബൈക്കിനും ആരോ തീയിട്ടു. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു തീയിട്ടത്. വണ്ടികളുടെ ഉടമകള്‍ക്കാകട്ടെ പ്രത്യേകിച്ച് ശത്രുക്കളൊന്നുമില്ല. തീയിട്ടയാളെ ആരും കണ്ടിട്ടുമില്ല. തൃശൂര്‍ എ.സി.പി. സലീഷ് എന്‍ ശങ്കരനും ഈസ്റ്റ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ജിജോയും പ്രത്യേക അന്വേഷണം തുടങ്ങി. തൃശൂര്‍ സിറ്റി പൊലീസില്‍ അന്വേഷണത്തില്‍ മിടുക്കരായ എസ്.ഐ. ബിപിന്‍ ബി നായാര്‍, സിവില്‍ പൊലീസ് ഓഫിസര്‍ പി.ഹരീഷ്കുമാര്‍, വി.ബി. ദീപക്, കെ.ആര്‍.സൂരജ്, എം.എസ്.അജ്മല്‍ എന്നിവരെ അന്വേഷണം ഏല്‍പിച്ചു. 

വഴിനീളെ സിസിടിവി കാമറകള്‍ നോക്കി. ഒരാള്‍ നടന്നു പോകുന്നുണ്ട്. സിസിടിവി കാമറകള്‍ നോക്കിയുള്ള അന്വേഷണം ചെന്നെത്തിയത് സ്വകാര്യ വ്യക്തിയുടെ വീട്ടുപടിക്കലായിരുന്നു. ദൃശ്യങ്ങളില്‍ കാണുന്നയാള്‍ അതാ ഇരിക്കുന്നു. നല്ല പ്രായമുണ്ട്. വയസ് 72. പേര് വാറുണ്ണി. വീട് തൃശൂര്‍ വരന്തരപ്പിള്ളി. പൊലീസിനെ കണ്ടപ്പോഴേക്കും വാറുണ്ണിക്ക് കാര്യം മനസിലായി. ‘തെറ്റുപ്പറ്റിപ്പോയി സാറുമാരെ. മദ്യം തലയ്ക്കുപിടിച്ചു. ചുമ്മാ ഒരു രസത്തിന് ചെയ്തതാ’. ഓട്ടോറിക്ഷയുടെ പുറകിലെ ഷീറ്റ് മാറ്റി രണ്ടു കടലാസിട്ട് തീ കൊടുത്തു. ഫ്ളാറ്റിനു തീപിടിക്കാതിരുന്നത് ഭാഗ്യംകൊണ്ടു മാത്രം. 

സ്ഥിരം മദ്യലഹരിയിലാണ് വാറുണ്ണി. ഭാര്യയും മക്കളുമുണ്ട്. സെക്യൂരിറ്റി ജോലി ചെയ്യുന്നതിനാല്‍ ഈ ഫ്ളാറ്റിനു സമീപത്ത് അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ഇടത്താണ് വാടകയ്ക്കു കഴിയുന്നത്. ആഴ്ചയിലൊരിക്കല്‍ വീട്ടില്‍ പോകും. തീപിടിച്ചതിന്‍റെ പിറ്റേന്നുതന്നെ ആളെ കണ്ടെത്തി പിടികൂടാന്‍ പൊലീസിന് കഴിഞ്ഞു.

ENGLISH SUMMARY:

Arson in Thrissur: A 72-year-old man was arrested for setting fire to an auto-rickshaw and bike in Thrissur. The accused, under the influence of alcohol, confessed to the crime, which was solved quickly by the police using CCTV footage.