സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ഹൃദയശസ്ത്രക്രിയ പ്രതിസന്ധിയില്‍. കുടിശിക ലഭിക്കാത്തതിനാല്‍ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം സെപ്റ്റംബര്‍ ഒന്ന് മുതല്‍ പൂര്‍ണമായും നിര്‍ത്തുമെന്ന് വിതരണക്കാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ആന്‍ജിയോപ്ലാസ്റ്റി നിര്‍ത്തിയത് മൂലമുണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന കോഴിക്കോട് മെഡിക്കല്‍ കോളജ് വകുപ്പുമേധാവിയുടെ കത്തും മനോരമ ന്യൂസിന് ലഭിച്ചു.
സംസ്ഥാന സര്‍ക്കാറിന് കീഴിലെ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള 21 ആശുപത്രികളിലെ ഹൃദയശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണമാണ് വിതരണക്കാര്‍ നിര്‍ത്തിവയ്ക്കാന്‍ ഒരുങ്ങുന്നത്. ഒന്നരവര്‍ഷത്തെ കണക്കുപ്രകാരം സ്റ്റെന്‍റ് ഉള്‍പ്പെടെയുള്ള അനുബന്ധ ഉപകരണങ്ങള്‍ നല്‍കിയയിനത്തില്‍ 160 കോടി രൂപയാണ് വിതരണക്കാര്‍ക്ക് ലഭിക്കാനുള്ളത്. ജൂണില്‍ തന്നെ ഉപകരണങ്ങള്‍ നല്‍കുന്നത് പല വിതരണക്കാരും നിര്‍ത്തിയിരുന്നു. നിലവിലെ സ്റ്റോക്ക് കഴിഞ്ഞാല്‍ കാത്ലാബുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും പ്രതിസന്ധിയിലാവും.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ തീര്‍ന്നുവെന്നും അടിയന്തര ശസ്ത്രക്രിയ നടത്താന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയുള്ള വകുപ്പുമേധാവിയുടെ കത്താണ് മനോരമ ന്യൂസിന് ലഭിച്ചത്. ഉപകരണങ്ങളുടെ ക്ഷാമം മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളെ ബാധിക്കുമെന്നും സൂപ്രണ്ടിന് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.