കൊച്ചിയിൽ വിപ്ലവം സൃഷ്ടിച്ച വാട്ടർ മെട്രോ മാതൃക ഇനി രാജ്യവ്യാപകമാകാൻ ഒരുങ്ങുന്നു. കേരളത്തിൽ ആലപ്പുഴയിലും കൊല്ലത്തും വാട്ടർ മെട്രോ നടപ്പാക്കാൻ സാധിക്കുമെന്നാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ സാധ്യത പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്. കേന്ദ്ര തുറമുഖ–ഷിപ്പിംഗ് മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം രാജ്യത്തെ 18 കേന്ദ്രങ്ങളിൽ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട്  കെഎംആര്‍എല്‍ സമർപ്പിച്ചു. ആലപ്പുഴയിൽ വാട്ടർ മെട്രോ നടപ്പാക്കുന്നതിന്റെ ഭാഗമായി എട്ട് പ്രധാന റൂട്ടുകൾ പഠന വിധേയമാക്കി. കൊല്ലത്ത് ജലപാതകളിൽ സർവീസ് നടത്താൻ 35 ബോട്ടുകളും 15 ടെർമിനലുകളും ആവശ്യമായി വരുമെന്നാണ് പഠനം വിലയിരുത്തുന്നത്

 

കൂടുതൽ ജലാശയങ്ങളുള്ളതും ജലഗതാഗതത്തിനു കൂടുതൽ ആവശ്യക്കാർ ഉള്ളതും ജില്ലയിൽ വാട്ടർ മെട്രോ ആരംഭിക്കാൻ സഹായകമാകുമെന്നാണു കണക്കുകൂട്ടൽ. രാജ്യത്തെ 18 കേന്ദ്രങ്ങളിൽ വാട്ടർ മെട്രോ സാധ്യത പഠിക്കുന്നതിനൊപ്പമാണു ആലപ്പുഴയിലും കൊല്ലത്തും സാധ്യത പഠിച്ചത്. ബോട്ട് ഓടിക്കാനുള്ള റൂട്ടുകളുടെ സാധ്യത, അടിസ്ഥാന സൗകര്യങ്ങൾ, ആഴം, ട്രാഫിക് തുടങ്ങിയവ വിവിധ ഘട്ടങ്ങളിലായി പഠിക്കും.   

 

സൗരോർജ ബോട്ടുകൾ ഉപയോഗിച്ചു സർവീസ് നടത്തുന്നതിനാൽ പരിസ്ഥിതി മലിനീകരണം കുറവാണ്. എസി ഉൾപ്പെടെയുള്ള സൗകര്യങ്ങളും ബോട്ടിലുണ്ടാകും. മുഹമ്മ– പാതിരാമണൽ– കുമരകം ഉൾപ്പെടെ സഞ്ചാരികൾ ഏറെയുള്ള റൂട്ടുകൾക്കാണു സാധ്യത കണക്കാക്കുന്നത്. ജില്ലയിൽ നിലവിൽ ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസുകളെ ബാധിക്കാത്ത വിധമാകും വാട്ടർ മെട്രോ ബോട്ട് സർവീസുകൾ ആസൂത്രണം ചെയ്യുക. മെച്ചപ്പെട്ട സൗകര്യങ്ങളും കൃത്യതയുള്ള സർവീസുകളും വഴി, നിലവിൽ ജലഗതാഗതം ഉപയോഗിക്കാത്തവരെയും സഞ്ചാരികളെയും ആകർഷിക്കാനാകുമെന്നാണു കണക്കുകൂട്ടൽ. ജില്ലയിൽ ജലഗതാഗത വകുപ്പിന്റെ പുതിയ സൗരോർജ ബോട്ടുകളും ഉടൻ സർവീസിനെത്തുന്നുണ്ട്. കൂടുതൽ ബോട്ടുകൾ വരുന്നതോടെ ജലഗതാഗത മേഖലയിലെ പ്രശ്നങ്ങൾക്കു പരിഹാരമാകും.

ENGLISH SUMMARY:

Water Metro expansion is poised to revolutionize water transport across India, with Kerala's success serving as a model. Kochi Metro Rail Limited's feasibility reports indicate the potential for implementing Water Metro services in Alappuzha and Kollam, following extensive studies across 18 national locations.