പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ മുഖത്ത് മുറിവേറ്റ് ചികില്‍സ തേടാൻ എത്തിയതായിരുന്നു ഒരു വയസ്സും നാലുമാസവും മാത്രം പ്രായമുള്ള ദേവാൻഷ് ശൗര്യ. കളിക്കുമ്പോൾ വീണാണ് കുട്ടിക്ക് മുഖത്ത് ചെറിയ മുറിവുണ്ടായത്. ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് മാതമംഗലത്തെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ച് മുറിവിൽ പ്രാഥമിക ചികിത്സ നൽകിയിരുന്നു. മുറിവിൽ സ്റ്റിച്ച് ഇടാനാണ് പയ്യന്നൂർ ബിഎംഎച്ചിൽ എത്തിച്ചത്. കുഞ്ഞ് കരച്ചിൽ ആയതുകൊണ്ട് തുന്നലിടാൻ അനസ്തീസിയ നൽകുകയല്ലാതെ വഴിയില്ലെന്നായിരുന്നു ഡോക്ടർമാരുടെ നിലപാട്.
അനസ്തീസിയ നല്‍കിയതിലെ പിഴവ്; ചികില്‍സയിലായിരുന്ന ഒരു വയസുകാരന്‍ മരിച്ചു
18000 രൂപയ്ക്ക് പ്ലാസ്റ്റിക് സർജറി ചെയ്യാനും തീരുമാനിച്ചു. ഇങ്ങനെയാണ് അനസ്തീസിയിലേക്ക് എത്തിയത്. അനസ്തീസിയ നൽകിയതിന് പിന്നാലെ കുഞ്ഞിന്‍റെ ബോധം പോയി. ശ്വസന നാളം ചുരുങ്ങിയതിനാൽ ശ്വാസകോശത്തിലേക്ക് ഓക്സിജൻ പൈപ്പിടാൻ കഴിഞ്ഞില്ല. അപ്പോഴേക്കും തലച്ചോർ പകുതിയിലേറെ തകരാറിലായി കഴിഞ്ഞിരുന്നു. ഒപ്പം ഹൃദയാഘാതവും സംഭവിച്ചു. അമ്മയുടെ മടിയിൽ വച്ചാണ് കുഞ്ഞിന് അനസ്തീസിയ നൽകിയത്. കുട്ടി ഗുരുതരാവസ്ഥയിലേക്ക് പോകുന്നു എന്ന് കണ്ടതോടെ മറ്റു ഡോക്ടർമാരും ഓടിയെത്തി.
ഉടനടി പയ്യന്നൂരിൽ നിന്ന് കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചു. അന്നുമുതൽ മരണംവരെ കുഞ്ഞിന്റെ നില മെച്ചപ്പെട്ടിരുന്നില്ല. രക്തസമ്മർദ്ദം വളരെ കുറവായിരുന്നു. മരുന്നുകളുടെ സഹായത്തോടെ ബിപി ഉയർത്താൻ ഡോക്ടർമാർ കിണഞ്ഞു പരിശ്രമിച്ചു. മണിക്കൂറുകൾ മാത്രമേ കുഞ്ഞ് ജീവിച്ചിരിക്കുകയുള്ളൂ എന്ന് ഡോക്ടർമാർ നേരത്തെ മനസ്സിലാക്കിയിരുന്നു. അതുപോലെതന്നെ സംഭവിച്ചു. വീണ്ടും ഹൃദയാഘാതം സംഭവിച്ചതോടെ ദേവാൻഷ് ശൗര്യ മരണത്തിന് കീഴടങ്ങുകയായിരുന്നു.
മുതിർന്ന ഡോക്ടർമാരാണ് കുഞ്ഞിനെ സൂക്ഷ്മമായി പരിശോധിച്ച് ചികിത്സിച്ചത് എന്നാണ് ആശുപത്രിയുടെ വിശദീകരണം. അപ്രതീക്ഷിതമായി ഉണ്ടായ ആരോഗ്യപ്രശ്നമാണ് നില വഷളാവാൻ കാരണമെന്നാണ് ആശുപത്രി പറയുന്നത്.
പയ്യന്നൂർ എരമം സ്വദേശികളായ സൂരജിനും ഭാര്യ വിജിഷയ്ക്കും ആറുവർഷം കാത്തിരുന്ന ശേഷം പിറന്ന കുഞ്ഞായിരുന്നു ദേവാൻഷ്. ഐവിഎഫിലൂടെയായിരുന്നു കുഞ്ഞുണ്ടായത്. മാസം തികയാതെ പ്രസവിച്ച കുഞ്ഞായിരുന്നു. ഏഴാം മാസത്തിൽ പ്രസവിച്ച കുഞ്ഞായതിനാൽ ദീർഘകാലം ആശുപത്രിയിലായിരുന്നു അമ്മയും കുഞ്ഞും. മാസം തികയാതെ പ്രസവിച്ചതിന്റെ ബുദ്ധിമുട്ടുകൾ എല്ലാം ചികിത്സയിലൂടെ മാറ്റിയെടുക്കുകയും ചെയ്തിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. മാസം തികയാതെ പ്രസവിച്ച കുഞ്ഞാണെന്ന് അനസ്തീസിയക്ക് മുൻപ് ഡോക്ടർമാരോട് പറഞ്ഞിരുന്നതാണ്. എന്നാൽ അത് കുഴപ്പമില്ല എന്ന നിലപാടായിരുന്നു ഡോക്ടർമാർക്ക് എന്നാണ് കുടുംബം പറയുന്നത്.