ചിത്രം : മനോരമ/ ജെയിംസ് ആര്‍പ്പൂക്കര
ട്രംപിന്‍റെ ഇരട്ടിതീരുവയില്‍ പ്രതിസന്ധിയിലായ മത്സ്യക്കയറ്റുമതി മേഖലയെ താങ്ങിനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണം എന്നാവശ്യം. മൂന്ന് പ്രധാന ആവശ്യങ്ങളുമായി സമുദ്രോല്‍പന്ന കയറ്റുമതിക്കാരുടെ സംഘടന കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു. അമേരിക്ക തീരുവ 58 ശതമാനമാക്കി ഉയര്‍ത്തിയതോടെ കോള്‍ഡ് സ്റ്റോറേജുകളില്‍ വന്‍തോതില്‍ ചെമ്മീന്‍ ഉള്‍പ്പടെയുള്ള സമുദ്രോല്‍പന്നങ്ങള്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണിത്.
ചുരുങ്ങിയത് രണ്ടുപതിറ്റാണ്ട് എടുത്താണ് ഇന്ത്യന്‍ തീരത്തെ ചെമ്മീന്‍ അമേരിക്കന്‍ വിപണി പിടിച്ചതെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. പുതിയ വിപണി കണ്ടെത്താനും ചുവടുറപ്പിക്കാനും സമയമെടുക്കും. അതുവരെ കേന്ദ്ര സര്‍ക്കാരിന്‍റെ കൈത്താങ്ങ് ആവശ്യമാണ്. ഫാക്ടറി പ്രവര്‍ത്തിപ്പിക്കാനും ബിസിനസ് തുടര്‍ന്നു കൊണ്ടുപോകാനും പണം ലഭ്യമാക്കണം. അതിന് ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കണം.
കയറ്റുമതിക്കാര്‍ക്ക് നല്‍കുന്ന പാക്കിങ് വായ്പയ്ക്ക് 240 ദിവസത്തേക്ക് മോറട്ടോറിയം ഏര്‍പ്പെടുത്തണം. കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കണമെന്നും കയറ്റുമതിക്കാര്‍ ആവശ്യപ്പെടുന്നു. ഇത്രയും സഹായം ലഭിച്ചാല്‍ ഗുണമേന്‍മയുള്ള ഇന്ത്യന്‍ സമുദ്രോല്‍പന്നങ്ങള്‍ക്ക് വൈകാതെ ബദല്‍ വിപണികള്‍ കണ്ടെത്താന്‍ സാധിക്കുമെന്നും ഇവര്‍ പറയുന്നു.