കോഴിക്കോട് കുറ്റ്യാടിയില്‍ അക്യൂപങ്ചര്‍ ചികില്‍സയ്ക്കിടെ മരിച്ച സ്തനാര്‍ബുദ ബാധിതയായ ഹാജിറയോട് വെയില്‍ കൊണ്ടാല്‍ കാന്‍സര്‍ മാറുമെന്നും രാവിലെയും വൈകുന്നേരവും പത്തുമിനിറ്റ് വീതം വെയില്‍ കൊള്ളണമെന്നും ഉപദേശിക്കുന്ന അക്യൂപങ്ചറിസ്റ്റിന്‍റെ ശബ്ദ സന്ദേശം പുറത്ത്. പനിയാണെന്നും അസുഖം കൂടിയത് പോലെയുണ്ടെന്നുമുള്ള ആശങ്കയും വേവലാതിയും രോഗി പങ്കുവയ്ക്കുമ്പോള്‍ വേദന വരുന്നത് സുഖപ്പെടാനാണെന്നാണ് ചികില്‍സകയുടെ നിലപാട്. പനിച്ചു കഴിഞ്ഞാല്‍ പഴുപ്പ് പുറത്തേക്ക് വന്ന് സുഖപ്പെടുമെന്നും ഇവര്‍ രോഗിയുടെ ബന്ധുവിനെ പറഞ്ഞ് വിശ്വസിപ്പിക്കുന്നുണ്ട്.
ശബ്ദ സന്ദേശമിങ്ങനെ..'അത് കുറഞ്ഞോളും. ചികില്‍സ ചെയ്തിട്ടും വേദന വരുന്നത് അത് സുഖപ്പെടാന്‍ വേണ്ടിയിട്ടല്ലേ? അത് അങ്ങനെ കണ്ടാല്‍ മതി. പനിക്കുന്നത് ഉള്ളിലുള്ള കേട് പോകാനല്ലേ? ശരീരത്തിലെന്തെങ്കിലും മാലിന്യമുണ്ടെങ്കില്‍ അതൊഴിവാക്കാന്‍ വേണ്ടിയിട്ടാണ് പനിക്കുന്നത്. അതുപോലെ തന്നെ ആ കല്ലിപ്പ് പുറത്തേക്ക് വന്ന് പിന്നെ അതിനുള്ളില്‍ നിന്ന് പഴുപ്പ് പുറത്തേക്ക് വന്ന് അതിന്‍റെ കനം കുറയുകയോ എന്തെങ്കിലും ചെയ്യും. പനിച്ചു കഴിഞ്ഞാല്‍ എന്തെങ്കിലുമൊരു ഹീലിങ് നടക്കും. തല്‍ക്കാലം ഇപ്പോ ബ്രസ്റ്റ് എന്ത് ചെയ്യണം എന്നുവച്ചാല്‍ രാവിലെയും വൈകിട്ടും അതായത് പത്തുമണിയുടെ മുന്നേയുള്ള വെയിലും വൈകുന്നേരം നാലുമണിക്ക് ശേഷമുള്ള വെയിലും ഒരു പത്തുമിനിറ്റ് വീതം വെയിലുകാണിക്കണം. മേലെ ടെറസില്‍പോയാല്‍ മതി. അപ്പോള്‍ ആരും കാണില്ല. നീക്കിയിട്ട് നല്ലോണം വെയില്‍ കൊള്ളിക്കാന്‍ പറയ് ഹാജിറയോട്'.
പച്ചവെള്ളവും അത്തിപ്പഴവും രോഗിക്ക് നല്‍കിയാല്‍ മതിയെന്നും ഇവര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. ചികില്‍സകയുടെ ശബ്ദ സന്ദേശം കുടുംബം പൊലീസിന് കൈമാറി. അതേസമയം സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് ഇപ്പോഴും തയാറായിട്ടില്ല. അക്യൂപങ്ചറിസ്റ്റിന് ലൈസന്‍സ് ഉണ്ടെന്നാണ് പൊലീസിന്‍റെ വാദം. 300 മില്ലീ വെള്ളവും നാല് ഈന്തപ്പഴവും കഴിച്ചാല്‍ മതിയെന്നും ഒരു സര്‍ജറിക്കോ ലാബ് ടെസ്റ്റിനോ പോകേണ്ടെന്നും പൂര്‍ണമായും രോഗമുക്തിയുണ്ടാകുമെന്നും ഇവര്‍ ഹാജിറയെ വിശ്വസിപ്പിച്ചിരുന്നുവെന്നും കുടുംബം നേരത്തെ ആരോപിച്ചിരുന്നു. ഹാജിറയ്ക്ക് സ്തനാര്‍ബുദമാണെന്ന് അക്യൂപങ്ചറിസ്റ്റ് അറിഞ്ഞിട്ടും വിവരം മറച്ചുവച്ചു. രോഗം നാലാംഘട്ടത്തിലെത്തിയപ്പോള്‍ മാത്രമാണ് ബന്ധുക്കള്‍ വിവരമറിഞ്ഞത്.