ബി.ജെ.പി നേതാവ് സി.കൃഷ്ണകുമാര്‍ തന്നെ വലിച്ചിഴച്ച് മര്‍ദിച്ചെന്നും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും പീഡനപരാതി നല്‍കിയ യുവതി. നൂറുകണക്കിന് പേരുടെ മുന്നില്‍വച്ചായിരുന്നു അതിക്രമം. സുരേഷ്ഗോപിയാണ് ചികില്‍സയ്ക്ക് പണം നല്‍കിയത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന് അയച്ച പരാതി ചോര്‍ത്തിയത് താനല്ലെന്നും യുവതി വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ കുറിപ്പിലാണ് പരാതിക്കാരിയുടെ തുറന്നുപറച്ചില്‍.
പൊലീസ് കൃത്യമായി അന്വേഷിച്ചില്ലെന്നാണ് പരാതിക്കാരി പറയുന്നത്. 2014 ല്‍ ഒരു പീഡനശ്രമം ഉണ്ടാകുന്നു. എഫ്ഐആറിലും കോടതിയില്‍ കൊടുത്ത മൊഴിയിലും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് കൃത്യമായി പറഞ്ഞതാണ്. പോലീസ് കൃത്യമായി അന്വേഷിക്കാത്തത് കൊണ്ടാണ് ഒരു നടപടിയും ഇല്ലാതെ പോയതെന്ന് പരാതിക്കാരി പറയുന്നു.
ബിജെപി അധ്യക്ഷന് നല്‍കിയ പരാതി ചോര്‍ത്തിയത് താനല്ല. ഇക്കാര്യത്തില്‍ അദ്ദേഹത്തിന് നെല്ലും പതിനും ബോധ്യപ്പെടും. പരാതി നല്‍കുന്ന സമയത്ത് നിയമപരമായ പല കാര്യങ്ങളിലും വ്യക്തത ഇല്ലായിരുന്നു. പിന്നീട് കോടതിയില്‍ വിധി എതിരാകാന്‍ കാരണം ഇതാണ്. ആദ്യ കാലത്ത് ഒരു അഭിഭാഷകന്‍ പോലും തനിക്ക് ഉണ്ടായിരുന്നില്ല. രാഷ്ട്രീയ സ്വാധീനം കാരണം പലരും ഒഴിഞ്ഞു മാറി എന്നും പരാതിക്കാരി പറയുന്നു.
തനിക്കെതിരെയുണ്ടായ ലൈംഗിക പീഡന ആരോപണങ്ങൾ അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് ബിജെപി നേതാവ് സി. കൃഷ്ണകുമാർ ഇന്നലെ പ്രതികരിച്ചിരുന്നു. ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നിൽ പാർട്ടി വിട്ടുപോയ ചില വ്യക്തികളാണെന്നും ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. തനിക്കെതിരെ നൽകിയ പരാതി കോടതി തള്ളിക്കളഞ്ഞതാണെന്ന് കൃഷ്ണകുമാർ പറഞ്ഞു. ഇത് സ്വത്ത് തർക്കം മാത്രമാണെന്നും ഇതിനു മുൻപും ഇവർ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.