സ്കിൽ ഗ്ലോബൽ സമ്മിറ്റിലൂടെ ഒരു ലക്ഷം തൊഴിലുകൾ കേരളത്തിലെ വിദ്യാർഥികൾക്ക് ലഭ്യമാവുമെന്ന് മുന്‍ മന്ത്രി തോമസ് ഐസക്. ആയിരം പേർ നേരിട്ട് സമ്മിറ്റിൽ പങ്കെടുക്കുന്നുണ്ടെന്നും, ആറ് വേദികളിൽ നിന്നുള്ള ചർച്ചകളും ലൈവ് സ്ട്രീം ചെയ്യുമെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
സ്കിൽ ഗ്ലോബൽ സമ്മിറ്റ് കൊച്ചിയിലെ ഗ്രാൻ്റ് ഹയാത്തിൽ 29-ാം തീയതി രാവിലെ 10 മണിക്ക് ആരംഭിക്കും. ആറ് വേദികളിലായി രണ്ടു ദിവസം നീളുന്ന ചർച്ചകളിൽ 57 പാനലുകളിലായി 233 വിദഗ്ധർ പങ്കെടുക്കും. ഇതിനുപുറമെ 16 കീനോട്ട് പ്രസംഗികരും ഉണ്ടാവും, കേരളത്തിലെ നൂറിലേറെ കോളേജുകൾ തങ്ങളുടെ നൈപുണി വികസനപരിപാടിയെ കുറിച്ചുള്ള മാതൃകകൾ അവതരിപ്പിക്കും. പുതിയ ആഗോള തൊഴിൽ സാധ്യതകൾ, കേരളം ഒരു ആഗോള നൈപുണി ഹബ്ബ്, വിദ്യാഭ്യാസവും നൈപുണി വികസനവും, ഇന്നവേഷൻ ആവാസവ്യവസ്ഥ, ആഗോളതലത്തിൽ കേരളത്തിലിരുന്ന് ജോലി, നൈപുണി സദ് മാതൃകകൾ എന്നീ വിഷയങ്ങളില്‍ ആറ് വേദികളില്‍ ചർച്ചകള്‍ നടക്കും.
ഈ സംവാദങ്ങളുടെ പ്രായോഗിക നേട്ടം എന്തായിരിക്കും? ഉടൻ ഉണ്ടാവുന്ന ഏറ്റവും വലിയനേട്ടം നൈപുണി പരിശീലനത്തിനുവേണ്ടിയുള്ള തൊഴിലവസരങ്ങൾക്കായി വിവിധ കമ്പനികളുമായി ഏർപ്പെടുന്ന താൽപര്യപത്രങ്ങളായിരിക്കും. ഒരു ലക്ഷം തൊഴിലുകൾ ഈ സമ്മിറ്റിലൂടെ കേരളത്തിലെ വിദ്യാർഥികൾക്ക് ലഭ്യമാവും.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു സമ്മിറ്റ് ഉദ്ഘാടനം ചെയ്യും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. കർണാടക നൈപുണി വികസന വകുപ്പ് മന്ത്രി ശരൺ പ്രകാശ് മുഖ്യാതിഥിയാകും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഹൈബി ഈഡൻ എംപി, ടി.ജെ. വിനോദ് എംഎൽഎ, മേയർ അനിൽകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.
ശനിയാഴ്ച വൈകുന്നേരം നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമാപന പ്രസംഗം നടത്തും. ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിക്കും. തദ്ദേശവകുപ്പ് മന്ത്രി എം.ബി. രാജേഷും, പട്ടികജാതി - പട്ടികവകുപ്പ് മന്ത്രി ഒ.ആർ. കേളുവും സമ്മിറ്റിൽ പങ്കെടുക്കും.
മുതിർന്ന ഉദ്യോഗസ്ഥർ, കേരളത്തിലെ വ്യവസായ പ്രമുഖർ തുടങ്ങിയവർ സമ്മിറ്റിലെ വിവിധ ചർച്ചകളുടെ ഭാഗമാകും. സമ്മിറ്റിൽ എസ്.ഡി. ഷിബുലാൽ (മുൻ ഇൻഫോസിസ് സിഇഒ), സന്തോഷ് മാത്യു (ഗേറ്റ്സ് ഫൗണ്ടേഷൻ), റൈമണ്ട് ക്ലെയ്ൻ (INCIT സ്ഥാപക സിഇഒ), ടോം ബ്യൂവിക് (യുകെ), മേഗൻ ലിലി (ജോബ്സ് ആൻഡ് സ്കിൽസ് ഓസ്ട്രേലിയ) തുടങ്ങി നിരവധി ദേശീയ-അന്താരാഷ്ട്ര വിദഗ്ധർ പങ്കെടുക്കുന്നുണ്ട്. നൂറിലേറെ കമ്പനികളുടെ എച്ച്ആര്‍ മാനേജർമാരും സമ്മിറ്റിൽ പങ്കെടുക്കുന്നുണ്ട്.
സമ്മിറ്റിന്റെ ഭാഗമായി, പ്രമുഖ കരിയർ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇൻ തയ്യാറാക്കിയ കേരള ടാലന്റ് റിപ്പോർട്ട് 2025 പുറത്തിറക്കും. സംസ്ഥാനത്തെ യുവജനങ്ങളുടെ കഴിവുകൾ, തൊഴിൽ വിപണിയിലെ പുതുപ്രവണതകൾ, ആഗോള തൊഴിൽ സാധ്യതകൾ എന്നിവയെക്കുറിച്ചുള്ള സമഗ്ര പഠനമാണ് ടാലൻ്റ് റിപ്പോർട്ട്.
ആയിരം പേർ നേരിട്ട് സമിറ്റിൽ പങ്കെടുക്കുന്നുണ്ട്. ആറ് വേദികളിൽ നിന്നുള്ള ചർച്ചകളും ലൈവ് സ്ട്രീം ചെയ്യുന്നുണ്ട്. സമ്മിറ്റിൽ രജിസ്റ്റർ ചെയ്ത ആർക്കുവേണമെങ്കിലും വെബ്സൈറ്റിൽ നിന്ന് ഏതുവേദിയിലെ ചർച്ചകളും തത്സമയം കാണാവുന്നതാണ്. സമ്മിറ്റ് കഴിഞ്ഞും ഇവ വെബ് സൈറ്റിൽ ലക്ഷ്യമാകും. ഒരു ലക്ഷത്തിലധികവും പേർ ഓൺലൈനായി പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സമ്മിറ്റിൽ വച്ച് പൂർവ്വവിദ്യാർഥികളെ മെന്റർമാരായി രജിസ്റ്റർ ചെയ്യുന്നതിനുള്ള ക്യാമ്പയിൻ ആരംഭിക്കും. കേരളത്തിൽ നടക്കാൻ പോവുന്ന ഉന്നത വിദ്യാഭ്യാസ സ്‌കിൽ കാമ്പയിനിന്റെ പ്രത്യേകത പൂർവ്വ വിദ്യാർഥികൾക്ക് നൽകിയിരിക്കുന്ന പ്രാധാന്യമാണ്. ഓരോ കോളേജിലെയും പൂർവ്വവിദ്യാർഥികളായിരിക്കും ഇപ്പോൾ പഠിക്കുന്ന വിദ്യാർഥികൾക്ക് വേണ്ടിയുള്ള തൊഴിലവസരങ്ങൾ കണ്ടെത്തുകയും, മെന്റർമാരായി പ്രവർത്തിക്കുകയും ചെയ്യുക. ഇത്തരത്തിൽ അൻപതിനായിരം പേരെ സെപ്തംബർ മാസത്തിൽ മെന്റർമാരായി കണ്ടെത്താൻ ആവുമെന്നാണ് കരുതുന്നത്. പഴയ സാക്ഷരതാ പ്രസ്ഥാനത്തെ ഓർമ്മിപ്പിക്കുന്ന അതിവിപുലമായ നൈപുണി വികസന പ്രസ്ഥാനത്തിന് സ്‌കിൽ സമ്മിറ്റ് തുടക്കം കുറിക്കും.