അടുത്ത അഞ്ചു വര്‍ഷത്തിനിടെ യുഎഇയില്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ ഒരുങ്ങുന്നതായി പഠനം. യുഎഇയുടെ ഡിജിറ്റൽ പരിവർത്തനവും എഐ അധിഷ്ഠിത വളർച്ചയും കാരണമാണ് പുതിയ അവസരങ്ങളുണ്ടാകുന്നത്. 12.10 ശതമാനം വളര്‍ച്ചയാണ് യുഎഇയുടെ തൊഴില്‍ വിപണിയിലുണ്ടാകുന്നത്. യു.എസ്, യുകെ, ഇന്ത്യ അടക്കമുള്ള തൊഴില്‍ വിപണികളെ അപേക്ഷിച്ച് വലിയ മുന്നേറ്റമാണിത്.
വിദ്യാഭ്യാസ കമ്പനിയായ പിയേഴ്സണും എന്റർപ്രൈസ് സോഫ്റ്റ്‌വെയർ കമ്പനിയായ സർവീസ്നൗവും ചേർന്ന് തയ്യാറാക്കിയ പുതിയ നൈപുണ്യ പ്രവചന റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. യു.എസില്‍ തൊഴില്‍ വിപണിയുടെ വളര്‍ച്ച 2.1 ശതമാനവും യുകെയില്‍ 2.8 ശതമാനവും ഇന്ത്യയില്‍ 10.6 ശതമാനവുമായിരിക്കും. വൈവിധ്യവൽക്കരണ പദ്ധതികളുള്ള സൗദി അറേബ്യ 11.6 ശതമാനം വളരും.
ഫിനാൻസ്, ആരോഗ്യ സംരക്ഷണം, ഊർജ്ജം, യൂട്ടിലിറ്റീസ് എന്നീ മേഖലകളിലാണ് വലിയ തോതിലുള്ള തൊഴിൽ വർദ്ധനവ് പ്രതീക്ഷിക്കുന്നത്. എഐ കാരണം ജോലികള്‍ നഷ്ടമാകുമെന്ന ആശങ്കയെയും റിപ്പോര്‍ട്ട് തള്ളിക്കളയുന്നു. മനുഷ്യരും എഐയും തമ്മിലുള്ള സഹകരണത്തെ ആശ്രയിച്ചായിരിക്കും എന്നും റിപ്പോര്‍ട്ട് പറയുന്നു.