ഉപയോക്താക്കൾക്ക് നൽകാൻ അശ്ലീല വിഡിയോ കാസറ്റുകൾ കടയിൽ സൂക്ഷിച്ചു എന്ന കുറ്റത്തിന് പിടിയിലായ കടക്കാരനെ 27 വർഷത്തിന് ശേഷം കുറ്റവിമുക്തനാക്കി. കോട്ടയം കൂരോപ്പട സ്വദേശിയെയാണ് ഹൈക്കോടതി വെറുതേവിട്ടത്. പിടിച്ചെടുത്ത വിഡിയോ കസെറ്റിൽ അശ്ലീല ദൃശ്യങ്ങൾ ഉണ്ടോ എന്ന് കേസ് പരിഗണിച്ച മജിസ്ട്രേറ്റ് സ്വമേധയാ കണ്ട് ബോധ്യപ്പെട്ടില്ല എന്ന വാദം അംഗീകരിച്ചാണ് നടപടി. സാക്ഷിമൊഴികൾ എത്രയുണ്ടെങ്കിലും തന്‍റെ മുമ്പാകെ ഹാജരാക്കിയ തെളിവുകൾ നേരിട്ടു പരിശോധിച്ച് ഉറപ്പാക്കുക എന്നത് മജിസ്ട്രേറ്റ് ചെയ്യേണ്ട കാര്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

1997ലാണ് കോട്ടയം കൂരോപ്പടയിൽ ഹർജിക്കാരന്‍റെ ഉടമസ്ഥതയിലുള്ള കസെറ്റ് കടയിൽ നിന്ന് പൊലീസ് 10 കാസറ്റുകൾ പിടിച്ചെടുക്കുന്നത്. പിടിച്ചെടുത്ത കേസറ്റുകളിൽ അശ്ലീലം ഉണ്ടെന്നായിരുന്നു കേസ്. അശ്ലീല ദൃശ്യങ്ങൾ വിൽക്കുന്നതോ, വിതരണം ചെയ്യുന്നതോ, വാണീജ്യ ആവശ്യത്തിനായി ഉപയോഗിക്കുന്നതോ കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 292 വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തത്. തുടർന്ന് കോട്ടയം മജിസ്ട്രേറ്റ് കോടതി ഇയാളെ 2 വർഷം തടവിനും 2000 രൂപ പിഴയ്ക്കും വിധിച്ചു.

വിധിക്കെതിരെ സെഷൻസ് കോടതിയിൽ അപ്പീൽ പോയെങ്കിലും ശിക്ഷ പകുതിയാക്കി കുറയ്ക്കുക മാത്രമാണ് ചെയ്തത്. അങ്ങനെ ശിക്ഷ ഒരു വർഷം തടവും, 1000 രൂപ പിഴയുമായി കുറഞ്ഞു. തുടർന്നാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. 7 സാക്ഷികളുള്ള കേസിൽ, ഒന്നും രണ്ടും സാക്ഷികൾക്കൊപ്പം ഏഴാം സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥൻ കസെറ്റുകൾ കടയിലിട്ട് കണ്ട് ഇവയിൽ അശ്ലീല ദൃശ്യങ്ങൾ ഉണ്ടെന്ന് കണ്ടെത്തി എന്നായിരുന്നു പ്രോസിക്യൂഷൻ വാദം. അന്വേഷണത്തിനിടയിൽ തഹസീൽദാർ വീഡിയോ കസെറ്റുകൾ കാണുകയും ഇവയിൽ അശ്ലീല ദൃശ്യങ്ങളുണ്ടെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

എന്നാൽ പിടിച്ചെടുത്ത വിഡിയോ കസെറ്റിൽ അശ്ലീല ദൃശ്യങ്ങൾ ഉണ്ടോ എന്ന് കേസ് പരിഗണിച്ച മജിസ്ട്രേറ്റ് സ്വമേധയാ കണ്ട് ബോധ്യപ്പെട്ടില്ല എന്ന ഹർജിക്കാരന്‍റെ വാദം കോടതി അംഗീകരിച്ചു. സാക്ഷിമൊഴികൾ എത്രയുണ്ടെങ്കിലും തന്‍റെ മുമ്പാകെ ഹാജരാക്കിയ തെളിവു നേരിട്ടു പരിശോധിച്ച് ഉറപ്പാക്കുക എന്നത് മജിസ്ട്രേറ്റിന്‍റെ ചുമതലയായിരുന്നു എന്ന് കോടതി വ്യക്തമാക്കി. അതുകൊണ്ടു തന്നെ ആ കസെറ്റുകളിൽ അശ്ലീല ദൃശ്യങ്ങൾ ഉണ്ട് എന്നത് ഇന്ത്യൻ തെളിവു നിയമം അനുസരിച്ച് നിലനിൽക്കില്ലെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി. തുടർന്ന് സെഷൻസ് കോടതിവിധി റദ്ദാക്കിയ ഹൈക്കോടതി ഹർജിക്കാരനെ കുറ്റവിമുക്തനാക്കി.

ENGLISH SUMMARY:

A shopkeeper who was arrested on charges of keeping obscene video cassettes in his shop for customers has been acquitted after 27 years. The Kerala High Court set free the native of Kooroppada, Kottayam. The court accepted the argument that the magistrate who heard the case had not personally examined the seized video cassettes to confirm whether they actually contained obscene visuals. The High Court observed that no matter how many witness statements are presented, it is the duty of the magistrate to directly verify and ensure the authenticity of the evidence produced before the court.