വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് മരിച്ചു. സൗത്ത് പാമ്പാടി ആലുങ്കല്‍പറമ്പില്‍ ചന്ദ്രന്‍ ചെട്ടിയാരുടേയും ശോഭാ ചന്ദ്രന്റേയും മകന്‍ അനന്തുചന്ദ്രനാണ് (30) മരിച്ചത്. എംസി റോഡില്‍ വെള്ളൂര്‍കുന്നം സിഗ്നല്‍ ജങ്ഷനു സമീപം ടയര്‍ പഞ്ചറായതിനെത്തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന തടിലോറിയില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിലാണ് അനന്തുവിനു ഗുരുതരപരുക്കേറ്റത്. പുലര്‍ച്ചെ രണ്ടിനും അഞ്ചിനും ഇടയിലായിരുന്നു അപകടം.
ബൈക്ക് വന്ന് ലോറിയിലിടിച്ചതും പരുക്കേറ്റ് അനന്തു റോഡില്‍ വീണതും ലോറിയില്‍ ഉറങ്ങുകയായിരുന്ന ഡ്രൈവര്‍ അറിഞ്ഞില്ല. അഞ്ചുമണി കഴിഞ്ഞ് ഉറക്കമുണര്‍ന്നപ്പോഴാണ് പരുക്കേറ്റ നിലയില്‍ കിടക്കുന്ന അനന്തുവിനെ കണ്ടത്. ആ സമയത്ത് സംഭവസ്ഥലത്തെത്തിയ പേഴയ്ക്കാപ്പിള്ളി സ്വദേശി ഷൗക്കത്ത് അനന്തുവിനെ ആശുപത്രിയിലെത്തിക്കാന്‍ അതുവഴി വന്ന വാഹനയാത്രക്കാരോട് സഹായം തേടിയെങ്കിലും ആരും തയ്യാറായില്ല.
മണിക്കൂറുകള്‍ക്കു ശേഷം ഒരു കാറില്‍ അനന്തുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടം നടന്നയുടന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ അനന്തുവിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
സൗത്ത് പാമ്പാടിയിലുള്ള വീട്ടില്‍നിന്ന് അനന്തു മൂവാറ്റുപുഴയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ആര്യ ചന്ദ്രന്‍ (യുകെ) സഹോദരിയാണ്.