ബലാത്സംഗ കേസില്‍ യുവറാപ്പര്‍ വേടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കേസില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. മുന്‍കൂര്‍ ജാമ്യം നിഷേധിക്കുന്നത് നീതിനിഷേധമാകുമെന്നും കോടതി നിരീക്ഷിച്ചു. സെപ്റ്റംബര്‍ ഒമ്പതിന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും കോടതി വേടനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പരാതിയും വാദങ്ങളും
വേടനുമായി ബന്ധം പിരിഞ്ഞതിന് ശേഷം തനിക്ക് കടുത്ത വിഷാദമുണ്ടായെന്നും അതിന് ചികിത്സ തേടേണ്ടി വന്നെന്നും പരാതിക്കാരിയുടെ അഭിഭാഷക കോടതിയെ അറിയിച്ചിരുന്നു. പ്രശസ്തനായ ഒരാള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും വാദിച്ചു. അതേസമയം, വേടന്‍ ഒരു കലാകാരന്‍ മാത്രമാണെന്നും സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുടെ അടിസ്ഥാനത്തില്‍ മാത്രം തീരുമാനമെടുക്കരുതെന്നും വേടന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. കൂടാതെ, പീഡിപ്പിച്ചു എന്ന് പറയുന്ന സമയത്തിന് ശേഷവും പരാതിക്കാരി വേടന് സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
നേരത്തെ വേടനെതിരെ പുലിനഖം, ലഹരി കേസ് തുടങ്ങിയ കേസുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നു. എങ്കിലും, ഈ കേസുകള്‍ ഇതുമായി ബന്ധപ്പെട്ടതല്ലെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യം അനുവദിച്ച സാഹചര്യത്തില്‍, വേടന്‍ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി കര്‍ശനമായി നിര്‍ദ്ദേശിച്ചു.