തനിക്കെതിരെയുണ്ടായ ലൈംഗിക പീഡന ആരോപണങ്ങൾ അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് ബിജെപി നേതാവ് സി. കൃഷ്ണകുമാർ. ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നിൽ പാർട്ടി വിട്ടുപോയ ചില വ്യക്തികളാണെന്നും ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
"കോടതി തള്ളിക്കളഞ്ഞ പരാതി"
തനിക്കെതിരെ നൽകിയ പരാതി കോടതി തള്ളിക്കളഞ്ഞതാണെന്ന് കൃഷ്ണകുമാർ പറഞ്ഞു. ഇത് സ്വത്ത് തർക്കം മാത്രമാണെന്നും ഇതിനു മുൻപും ഇവർ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോപണങ്ങൾക്ക് യാതൊരു വാസ്തവവുമില്ലാത്തതുകൊണ്ടാണ് പൊലീസ് കേസെടുക്കാത്തതെന്നും അദ്ദേഹം വിശദീകരിച്ചു. "നനഞ്ഞ പടക്കം" പോലെയാണ് ഈ ആരോപണമെന്നും വ്യാജവാർത്ത ചമച്ചവർക്കെതിരെ നിയമനടപടിയെടുക്കുമെന്നും കൃഷ്ണകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, മാധ്യമങ്ങളുടെ ചോദ്യങ്ങളോട് കൃഷ്ണകുമാർ രോഷാകുലനായി പ്രതികരിക്കുന്നതും കാണാമായിരുന്നു. തനിക്കെതിരായ ഈ ആരോപണങ്ങൾ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ സമരത്തിൽ നിന്ന് തന്നെ പിന്തിരിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.