മണ്ണുത്തി- ഇടപ്പള്ളി ദേശീയ പാതയിൽ ടോൾപ്പിരിവ് പുനരാരംഭിക്കാൻ അനുവദിക്കണമെന്ന ദേശീയപാത അതോറിറ്റിയുടെ ആവശ്യം തള്ളി ഹൈക്കോടതി. സർവീസ് റോഡുകൾ പൂർണമായും ഗതാഗത യോഗ്യമാക്കി ഗതാഗതക്കുരുക്ക് പരിഹരിച്ചെന്ന് ദേശീയ പാത അതോറിറ്റി കോടതിയെ അറിയിച്ചു. എന്നാൽ ഈ വാദം ഡിവിഷൻ ബെഞ്ച് തള്ളി. ഇപ്പോഴും ഗതാഗതക്കുരുക്ക് ഉണ്ടെന്നാണ് ട്രാഫിക് മാനേജ്മെൻ്റ് കമ്മിറ്റി റിപ്പോർട്ടെന്ന് കോടതി പറഞ്ഞു. അതിനാൽ ടോൾ പിരിവ് തടഞ്ഞത് സെപ്റ്റംബർ 9 വരെ തുടരാനും ഹൈക്കോടതി ഉത്തരവിട്ടു
മണ്ണുത്തി–ഇടപ്പള്ളി മേഖലയിലെ കനത്ത ഗതാഗതക്കുരുക്കു ചൂണ്ടിക്കാട്ടി പാലിയേക്കരയിലെ ടോൾ പിരിവ് നാലാഴ്ചത്തേക്കു തടഞ്ഞ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി നേരത്തെ ശരിവച്ചിരുന്നു. ഹൈക്കോടതി വിധിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നു വ്യക്തമാക്കിയ സുപ്രീം കോടതി ഗതാഗതം സുഗമമാക്കുന്നതിനായി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം തുടരണമെന്ന് നിർദേശം നൽകി. ബ്ലാക്ക് സ്പോട്ടുകളിൽ (അപകടമേഖല) നിർമാണം നടത്തുന്ന പിഎസ്‌ടി എൻജിനീയറിങ് ആൻഡ് കൺസ്ട്രക്‌ഷൻ, നാമക്കൽ എന്ന കമ്പനിയെ കേസിൽ കക്ഷി ചേർക്കണമെന്നും ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.