കോഴിക്കോട് ലഹരി ഉപയോഗം മൂലം ആറ് വര്‍ഷം മുന്‍പ് മരിച്ച യുവാവിനെ കുഴിച്ചുമൂടിയെന്ന കേസില്‍ പുറത്തുവരുന്നത് വിശ്വസിക്കാനാവാത്ത ചില കഥകള്‍. പ്രതികളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പുതിയ വഴിത്തിരിവിലെത്തിയത്. നൂറിലേറെപ്പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തതിനു ശേഷമാണ് കേസില്‍ നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചത്. ഇതിന് പിന്നാലെ അറസ്റ്റിലായ ദീപഷിനെ ചോദ്യം ചെയ്തപ്പോഴാണ് കുഴിച്ചുമൂടലിന്റെ ചുരുളഴിഞ്ഞത്.
സരോവരം പാർക്കിനു സമീപമുള്ള ഒഴിഞ്ഞ പറമ്പിൽ വച്ച് ബ്രൗൺഷുഗർ അമിതമായ തോതിൽ പ്രതികൾ കുത്തിവച്ചതിനെത്തുടർന്നാണ് വിജിൽ മരിച്ചതെന്നാണ് പ്രതികളുടെ മൊഴി. തുടർന്ന് മൂന്നു പ്രതികളും ചേർന്ന് തെളിവു നശിപ്പിക്കുന്നതിനായി വിജിലിന്റെ മൃതശരീരം ചതുപ്പിൽ കല്ലുകെട്ടി താഴ്ത്തിയെന്നാണ് വിവരം.
2019ലുണ്ടായ സംഭവത്തില്‍ സുഹൃത്തുക്കള്‍ നല്‍കുന്ന മൊഴിയിങ്ങനെയാണ്– വിജിലും സുഹൃത്തുക്കളും ചേര്‍ന്ന് ആ ദിവസം സരോവരത്തിനടുത്തുള്ള ആളൊഴിഞ്ഞ ഭാഗത്തുവച്ച് ലഹരി ഉപയോഗിച്ചു. ബ്രൗണ്‍ ഷുഗര്‍ അമിത അളവില്‍ ഉപയോഗിച്ചതിനെത്തുടര്‍ന്ന് വിജിലിന്റെ ബോധം പോയി, തുടര്‍ന്ന് സുഹൃത്തുക്കള്‍ അവിടംവിട്ടു പോയെന്നും രണ്ടു ദിവസം കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ ശരീരം പുഴുവരിച്ച നിലയിലായിരുന്നെന്നും മൊഴിയില്‍ പറയുന്നു.
തുടര്‍ന്ന് വിജിലിനെ സരോവരത്തെ ചതുപ്പില്‍ കെട്ടിത്താഴ്ത്തിയെന്നും കുറച്ചുദിവസങ്ങള്‍ കഴിഞ്ഞ് വന്നുനോക്കിയപ്പോള്‍ തല മാത്രം ഉയര്‍ന്നുനില്‍ക്കുന്നതായി കണ്ടെന്നും സുഹൃത്തുക്കള്‍ മൊഴി നല്‍കി. വീണ്ടും ചതുപ്പിലേക്ക് കല്ലിട്ട് കെട്ടിത്താഴ്ത്തിയെന്നും കുഴിച്ചു മൂടി എട്ടാം മാസം വിജിലിന്റെ അസ്ഥി കടലിൽ എറിഞ്ഞെന്നും പ്രതികള്‍. ലഹരി മരുന്ന് ഉപയോഗിച്ച് വിജിൽ അവശനായപ്പോൾ സി പി ആർ നൽകി രക്ഷിക്കാൻ ശ്രമിച്ചെന്നും പ്രതികളുടെ മൊഴിയിലുണ്ട്.
വിജിലിന്റെ സുഹൃത്തുക്കളായ ദീപേഷും നിഖിലുമാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. മറ്റൊരു പ്രതിയായ രഞ്ജിത്തിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ വിജിലിനെ 29വയസുള്ളപ്പോഴാണ് കാണാതാകുന്നത്. കസ്റ്റഡി അപേക്ഷയിൽ പ്രതികളെ വിട്ടു കിട്ടുകയാണെങ്കിൽ ഇന്ന് തന്നെ സരോവരത്തിൽ എത്തിച്ച് മണ്ണ് കുഴിച്ച് പരിശോധിക്കാനാണ് പൊലീസിൻ്റെ തീരുമാനം. കേസിൽ പിടികിട്ടാനുള്ള രഞ്ജിത്ത് സ്ഥിരം കുറ്റവാളിയാണെന്നും പൊലീസ് അറിയിച്ചു. എലത്തൂർ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.