മാലോകരെ പൊന്നോണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറ അത്തച്ചമയം. മാവേലി നാടിന്റെ പെരുമയും പ്രൗഢിയും വിളിച്ചോതുന്ന അത്തച്ചമയം ഗവ.ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ കുരുന്നുകൾ ആഘോഷത്തിൽ ഇച്ഛാശക്തിയുടെ നക്ഷത്രങ്ങളായി.
രാഷ്ട്രീയ കല സാംസ്കാരിക രംഗത്തെ പ്രമുഖർ അണിനിരന്ന ചടങ്ങിൽ മന്ത്രി എം.ബി രാജേഷ് അത്തച്ചമയ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന വേദിയിലെ താരങ്ങൾ ഭിന്നശേഷി വിദ്യാർഥികളായിരുന്നു. ഭിന്നശേഷി സൗഹൃദമായ അത്തച്ചമയ ആഘോഷങ്ങൾക്ക് വേദിയിലെ കുഞ്ഞുങ്ങൾ കൂടുതൽ മിഴിവേകി.
ആനയും അമ്പാരിയും രാജപല്ലക്കും തെയ്യവും തിറയും കലാപ്രകടനങ്ങളും നിശ്ചലദൃശ്യങ്ങളും ദൃശ്യവിരുന്നൊരുക്കുന്ന ഘോഷയാത്ര രാജനഗരി ചുറ്റി. 400 കലാകാരന്മാരിൽ അധികം പങ്കെടുത്തു. ഉത്സവ പ്രതീതിയിൽ രാജവീഥി. വെയിലിനെ വകവയ്ക്കാതെ ദൃശ്യവിരുന്നിലേക്ക് കണ്ണുനീട്ടി ബാരിക്കേടുകൾക്കുള്ളിൽ പതിനായിരങ്ങൾ. രാവിലെ എട്ടുമണി മുതൽ ഉനഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തൃപ്പൂണിത്തുറ നഗരസഭാ പരിധിയിലെ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധിയാണ്. 450 പോലീസുകാർ അത്തച്ചമയത്തിനു സുരക്ഷയൊരുക്കി.