കേര വെളിച്ചെണ്ണയ്ക്ക് സപ്ലൈകോ സ്പെഷ്യൽ ഓഫർ പ്രഖ്യാപിച്ച ഇന്നലെ ഔട്ട്ലെറ്റുകൾ ജനങ്ങളെ കൊണ്ടു നിറഞ്ഞു. സപ്ലൈകോ വില്പനശാലകളിൽ ഇന്നലെ എത്തിയത് പതിവിലും മൂന്നിരട്ടിയിലധികം ആളുകൾ. വെളിച്ചെണ്ണയുടെ പുതിയ സ്റ്റോക്ക് എത്തിയതിനാൽ ആർക്കും നിരാശരായി മടങ്ങേണ്ടി വന്നില്ല.
529 രൂപ വിലയുള്ള ഒരു ലിറ്റർ കേര വെളിച്ചെണ്ണ ഇന്നലെ ലഭിച്ചത് 445 രൂപ നിരക്കിൽ. 12 രൂപയുടെ കുറവ്. വിപണിയിലെ വെളിച്ചെണ്ണ വിലയിൽ കൈ പൊള്ളിയവർക്ക് ആ 12 രൂപ നൽകിയ ആശ്വാസം ചെറുതല്ല. കൊച്ചി ഗാന്ധി നഗർ ഔട്ട്ലെറ്റിൽ ഉച്ചയ്ക്ക് ശേഷം റെക്കോർഡ് വിൽപ്പന.
വെളിച്ചെണ്ണ വില കുത്തനെ ഉയർന്നപ്പോൾ, 529 രൂപ വിലയുള്ള ഒരു ലിറ്റർ കേര വെളിച്ചെണ്ണ സപ്ലൈകോ 457 രൂപയ്ക്കാണ് നൽകിയിരുന്നത്. ഇതിനു പുറമേയാണ്, ഒരു ദിവസത്തെ സ്പെഷ്യൽ ഓഫറും. ശബരി ബ്രാൻഡിലെ വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ 349 രൂപയ്ക്കും, സബ്സിഡി ഇതര നിരക്കിൽ 429 രൂപയ്ക്കും ഈ മാസം മുതൽ സപ്ലൈകോ നൽകി വരുന്നുണ്ട്.