റാന്നി പഴവങ്ങാടി പഞ്ചായത്തിന്റെ ഗ്യാസ് ശ്മശാനത്തിൽ സംസ്കാര ചടങ്ങിനിടെ തീ പടർന്ന് അപകടം. പൊള്ളലേറ്റ പുതമൺ സ്വദേശി ജിജോ പുത്തൻപുരയ്ക്കലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച ബന്ധുവിന്റെ സംസ്കാര ചടങ്ങിന് എത്തിയതായിരുന്നു ഇദ്ദേഹം.
ശ്മശാനത്തിലെ ഗ്യാസ് ചേംബറിലേക്ക് കർപ്പൂരം കത്തിച്ച് വെച്ചപ്പോഴാണ് തീ ആളിക്കത്തിയത്. ഗ്യാസ് തുറന്നുവിട്ടതിന് ശേഷമാണോ കർപ്പൂരം കത്തിച്ചത് എന്നതിൽ വ്യക്തതയില്ല. തീ കൊളുത്തുന്നതിന് മുൻപ് തന്നെ ഗ്യാസ് തുറന്നുവിട്ടതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.
ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രധാന ആരോപണം. മതപരമായ ചടങ്ങുകൾ ചേംബറിന് പുറത്ത് പൂർത്തിയാക്കണം എന്നുണ്ടായിട്ടും ജീവനക്കാർ അത് ശ്രദ്ധിക്കാതെ പോയതാണ് അപകടത്തിന് വഴിയൊരുക്കിയതെന്നും പറയുന്നു.
കൂടുതൽ അന്വേഷണം നടത്തി ജീവനക്കാർക്ക് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.ജിജോ വസ്ത്രങ്ങളില്ലാതെ നനഞ്ഞ തോർത്ത് മാത്രം ധരിച്ചാണ് ചടങ്ങിൽ പങ്കെടുത്തത്. ഇത് കൂടുതൽ പൊള്ളലേറ്റതിൽ നിന്നും അദ്ദേഹത്തെ രക്ഷിച്ചു. സംഭവത്തിൽ റാന്നി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.