ചികിത്സക്കായി പിതാവുമായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയില്‍ എത്തിയപ്പോഴുള്ള ദുരനുഭവം പങ്കുവെച്ച മകളുടെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. ചേലച്ചുവട് സ്വദേശി ആശ സെബാസ്റ്റ്യനാണ് ദുരനുഭവം ഫേസ്ബുക്കിൽ കുറിച്ചത്. മെഡിക്കൽ കോളജിലെ സിസ്റ്റം ശരിയാക്കാൻ സർക്കാർ ഇടപെടണമെന്നാണ് ആശയുടെ ആവശ്യം.
ഇടുക്കി മെഡിക്കൽ കോളജിനെപ്പറ്റി പരാതികളും പരിഭവങ്ങളും നിരവധിയാണ്. ആ കൂട്ടത്തിൽ പുതിയതാണ് പിതാവുമായി ചികിത്സക്കെത്തിയ ആശ സെബാസ്റ്റ്യന്റെ അനുഭവം. ഓക്സിജൻ കുറവായതുകൊണ്ട് പിതാവുമായി ആശുപത്രിയിൽ എത്തിയതായിരുന്നു ആശ. ഐസിയുവിൽ പ്രവേശിപ്പിച്ച പിതാവിന് രണ്ടുദിവസം കഴിഞ്ഞപ്പോൾ ഓക്സിജൻ നില ശരിയായി. പുറത്തിറക്കിയതോടെ വീണ്ടും സ്ഥിതി ഗുരുതരമായി. പിന്നീടാണ് മെഡിക്കൽ കോളജിലെ ഗുരുതര പിഴവ് മനസിലായത്.
പിതാവിന്റെ അസുഖത്തിന്റെ പേര് പോലും കൃത്യമായി പറഞ്ഞില്ലെന്നാണ് ആശ പറയുന്നത്. ആശുപത്രിയിലെ ഐസിയുവും വെന്റിലേറ്ററും താഴെയുള്ള പഴയ ബ്ലോക്കിലാണെങ്കിൽ ലാബും എക്സ്-റേ യൂണിറ്റും അടക്കമുള്ള സേവനങ്ങൾക്ക് മലമുകളിലെ പുതിയ ബ്ലോക്കിലെത്തണം. ദുരിതം തുടർന്നതോടെ ആശ പിതാവുമായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തി. നില മെച്ചപ്പെട്ട് വീട്ടിലെത്തിയെങ്കിലും പിന്നീട് പിതാവ് മരിച്ചു. ഇങ്ങനെയൊക്കെയാണെങ്കിലും മെഡിക്കൽ കോളജിലെ ദുരിതം പരിഹരിക്കാൻ ഇതുവരെ സർക്കാർ തയ്യാറായിട്ടില്ല.