saradakutty-rahul

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി ശാരദക്കുട്ടി. ഓന്തുകൾ ഇപ്പോഴും തങ്ങൾ ദിനോസറിൻ്റെ പിൻമുറക്കാരെന്ന ഗർവ്വിൽ കണ്ഠമുഴ വിറപ്പിച്ച് ചോര കുടിക്കാൻ നടക്കുകയാണെന്നും ചുണയുള്ളവർ എറിയുന്ന കല്ലുകളെടുത്ത് കിരീടമായി കരുതി ശിരസ്സിലണിയുന്നുവെന്നും ശാരദക്കുട്ടി പറഞ്ഞു. ഗതികെട്ട് പരസ്യപ്പിന്തുണയുമായി മാധ്യമങ്ങൾക്കു മുന്നിലെത്താൻ ഒരു ഭാര്യ പോലുമുണ്ടായില്ല എന്നത് പിറക്കാതെ പോയ ഏതോ പെൺകുട്ടിയുടെ മഹാഭാഗ്യമെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ ശാരദക്കുട്ടി പറഞ്ഞു. 

പോസ്റ്റിന്‍റെ പൂര്‍ണരൂപം

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിഷയത്തിൽ പ്രതികരണമാരാഞ്ഞ് പലരും വിളിക്കുന്നുണ്ട്. സത്യത്തിൽ മിന്നൽ വേഗത്തിലുള്ള, അസൂയാവഹമായ രാഷ്ട്രീയവളർച്ചയിൽ നിന്ന് പാതാളത്തിലേക്കെന്ന വണ്ണമുള്ള ഈ സ്വയംകൃതപതനം കണ്ട ഞെട്ടലിലായിരുന്നു മണിക്കൂറുകളായി. പെൺകുട്ടികൾ പഴയ പെൺകുട്ടികളല്ലെങ്കിലും ആൺകൂട്ടങ്ങൾക്ക് ഒരു വളർച്ചയുമുണ്ടാകുന്നില്ല എന്ന കാര്യം എത്രയോ തവണ പറഞ്ഞു കഴിഞ്ഞതാണ്.

അവൾ ശരിയല്ല, അവൾ ചാറ്റ് ചെയ്യുന്നു, അവൾ രാത്രിയിൽ വിളിക്കുന്നു , അവൾക്കെന്നോട് ക്രഷാണ് എന്നുദ്ഘോഷിക്കുന്ന ആൺകൂട്ടത്തെ ആദ്യമായല്ല കാണുന്നതും. സ്നേഹത്തോടെ മെസേജയച്ചാൽ  തിരിച്ച് ❤️ or hug ഒക്കെ കൊടുക്കുന്ന ആളാണ് ഞാനും. നല്ല രീതിയിൽ സംസാരിച്ചടുക്കുന്നവരോട് അതേ രീതിയിൽ സംസാരിച്ച് സ്നേഹം നിലനിർത്തുന്നതൊന്നുമൊരു കുറ്റവുമല്ല. സ്നേഹവും പ്രേമവും ആഗ്രഹവും ആസക്തിയും ഒക്കെ മനുഷ്യസഹജമാണ്. അങ്ങോട്ടുമിങ്ങോട്ടുമുള്ള ഒരു വിനിമയരീതി മാത്രമാണത്. 

ഉടനെ തന്നെ അവരുടെ ഒക്കെ കൂടെപ്പോയി കുടുംബം തുടങ്ങാനുള്ള ഗൂഢാലോചനയൊന്നുമതിലില്ല. ഇങ്ങോട്ടാകാമെങ്കിൽ അങ്ങോട്ടുമാകാം എന്നൊരു കേവലയുക്തി മാത്രമാണത്. യന്ത്രമനുഷ്യനാകാത്തിടത്തോളം അതൊക്കെ തുടരും. അവിടെയൊന്നുമൊരു കുറ്റവും കാണാൻ പറ്റില്ല. പക്ഷേ, തങ്ങളുടെ ഗ്ലാമറും രാഷ്ട്രീയ താരപദവികളും ഭാഷാശേഷിയും സോഷ്യൽ മീഡിയയിലെ സൗകര്യങ്ങൾ  കൂടി  കണ്ട്  നാണമില്ലാതെ ഉപയോഗിക്കുന്നവരെ കുറിച്ചാണ്. 

ഈ '' ബുദ്ധിയില്ലാത്ത" പെണ്ണുങ്ങൾ എൻ്റെ പിന്നാലെ ഇങ്ങനെ എൻ്റെ  'കാര്യം' കാണുന്നതു വരെ ഇഴഞ്ഞോളും എന്ന ലിംഗഗർവ്വിന്  തിരിച്ചടി കിട്ടിത്തുടങ്ങിയിട്ട് കാലം കുറെയായല്ലോ. എന്നിട്ടും ഈ ഓന്തുകൾ ഇപ്പോഴും തങ്ങൾ ദിനോസറിൻ്റെ പിൻമുറക്കാരെന്ന ഗർവ്വിൽ കണ്ഠമുഴ വിറപ്പിച്ച് ചോര കുടിക്കാൻ നടക്കുകയാണ്. ചുണയുള്ളവർ എറിയുന്ന കല്ലുകളെടുത്ത് കിരീടമായി കരുതി ശിരസ്സിലണിയുന്നു. കോഴിത്തൂവൽ തലപ്പാവിലേന്തുന്നു. മാധ്യമങ്ങളോട് കുശലം പറയുന്ന മട്ടിൽ നാണമില്ലാതെ സംസാരിക്കുന്നു.

പതിവുപോലെ ഗതികെട്ട് പരസ്യപ്പിന്തുണയുമായി മാധ്യമങ്ങൾക്കു മുന്നിലെത്താൻ ഒരു ഭാര്യ പോലുമുണ്ടായില്ല എന്നത് പിറക്കാതെ പോയ ഏതോ പെൺകുട്ടിയുടെ മഹാഭാഗ്യം.

ചുണയുള്ളവർക്കും ധൈര്യമുള്ളവർക്കും അഭിമാനമുള്ളവർക്കും മാത്രം പറഞ്ഞിട്ടുള്ള പണിയാണ് പ്രണയം. അത് പരസ്പര ബഹുമാനത്തിൻ്റെ ബലത്തിൽ അധിഷ്ഠിതമാണ്. ചതി, വഞ്ചന, കുടിലത, കാര്യലാഭം മുതലായ ഏണിപ്പടികൾ കയറിപ്പോകുമ്പോൾ ഓർക്കുക, നിങ്ങളുടെ സ്വഭാവത്തിലെ ദുർബ്ബലമായ ആ ആണികൾ ഒന്നിളകിയിൽ നടുവൊടിഞ്ഞ് താഴെ വീഴും.  പിന്നീടൊരു കുന്തളിപ്പ് മുന്നേപ്പോലെ സാധ്യമാവില്ല.

ENGLISH SUMMARY:

Rahul Mankootathil controversy involves criticism from writer Sharadakutty. The writer's Facebook post discusses the alleged misogynistic behavior and the lack of support for Rahul Mankootathil.