പതിവുപോലെ ഈ ഓണക്കാലത്തും നാട്ടിലെത്താന്‍ മാര്‍ഗമില്ലാതെ ഇതരസംസ്ഥാനങ്ങളിലെ മലയാളികള്‍. ബെംഗളൂരുവില്‍ നിന്നുള്ള ബസുകളിലും ട്രെയിനുകളിലും ബുക്കിങ് ഇപ്പോഴേ തീര്‍ന്നു. സ്വകാര്യ ബസുകളില്‍ കൊച്ചിയിലേക്കുള്ള നിരക്ക് ആളൊന്നിന് 4500 കടന്നു. സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഓണയാത്ര കൊള്ളയാത്രയായി മാറും.
ബെംഗളുരു മലയാളി ഓണാഘോഷത്തിന് നാട്ടിലെത്താന്‍ ഇത്തവണയും പരക്കം പാച്ചില്‍ നടത്തും. കീശ കീറാതെ നാട്ടില്‍ ഓണമുണ്ണാമെന്നത് ബെംഗളുരു മലയാളിയുടെ ദിവാസ്വപ്നമായിട്ട് കാലമേറെയായി. ഇത്തവണയും സാഹചര്യങ്ങള്‍ക്കു മാറ്റമൊന്നുമില്ല.
ചില മാറ്റങ്ങളുണ്ട്. തിരുവനന്തപുരത്തേക്ക് അധികമായി മൂന്നു സ്പെഷ്യല്‍ ട്രെയിന്‍ പതിവില്ലാതെ ഈ ഓണക്കാലത്ത് ഓടുന്നുണ്ട്. ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനൽ–തിരുവനന്തപുരം നോർത്തിലേക്കാണ് ട്രെയിനുകള്‍. ഇതോടെ പ്രതിദിന സര്‍വീസുകള്‍ക്ക് പുറമെ ഏതാണ്ട് എല്ലാ ദിവസവും തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിനുകളായി.
പക്ഷേ ടിക്കറ്റ് കിട്ടാനില്ല.ഓണത്തിന് രണ്ടാഴ്ച ബാക്കി നില്‍ക്കെ ടിക്കറ്റ് റിസര്‍വേഷന്‍ വെയിറ്റിങ് ലിസ്റ്റ് 200 കടന്നു. മലബാറിലേക്കാവട്ടെ ഇതുവരെ റയില്‍വേ സ്പെഷ്യലുകള്‍ പ്രഖ്യാപിട്ടില്ല.
പിന്നെയുള്ള മാര്‍ഗം ബസുകളാണ്. കൊള്ളയ്ക്ക് മുന്നിലും ഇവരാണ്. പതിനെഞ്ച് ദിവസം ബാക്കി നില്‍ക്കെ ടിക്കറ്റ് നിരക്ക് സ്വകാര്യ ബസുകളില്‍ നാലായിരം കടന്നു.
മലയാളിക്ക് കൈത്താങ്ങാവേണ്ട ആനവണ്ടി ഇത്തവണ മുന്‍കൂറായി 20 സ്പെഷ്യല്‍ സര്‍വീസുകളാണ് വിവിധ സ്ഥലങ്ങളിലേക്കു പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെയും ടിക്കറ്റില്ല.
പ്രീമിയം സര്‍വീസുകളില്‍ മുന്നില്‍ നില്‍ക്കുന്ന കര്‍ണാടക ആര്‍.ടി.സി പത്ത് അധിക സര്‍വീസ് പ്രഖ്യാപിച്ചിട്ടുണ്ട്.പത്തിലും ബുക്കിങ് തീര്‍ന്നു.വിമാനയാത്രയും സ്വന്തം വാഹനത്തില്‍ നാട്ടില്‍ വന്നു മടങ്ങുന്നതും പതിനായിരങ്ങള്‍ ചെലവാകുന്ന വഴികളായതിനാല്‍ പലരും ഉത്സവകാല യാത്ര ഒഴിവാക്കുകയാണ്.