യുവനടിയുടെ ആരോപണത്തിന് പിന്നാലെ പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള തെളിവുകളും പുറത്ത്. രാഹുലിന്‍റെ ചാറ്റുകളും ശബ്ദസന്ദേശങ്ങളുമാണ് പുറത്തുവന്നിരിക്കുന്നത്. രാഹുല്‍ നടത്തിയ ചാറ്റുകള്‍, സന്ദേശങ്ങളിലെ പ്രയോഗങ്ങള്‍ എന്നിവ ദുരുദ്ദേശ്യപരമെന്ന് വ്യക്തം. 2020 മുതലുള്ള ചാറ്റുകളും ഒടുവില്‍ എംഎല്‍എ ആയശേഷവുള്ള ശബ്ദസന്ദേശവുമാണ് പുറത്തുവന്നിരിക്കുന്നത്.
തന്നോട് സംസാരിക്കുന്നയാളുടെ സൗന്ദര്യത്തെ കുറിച്ച് വർണ്ണിക്കുന്നതും സൗന്ദര്യത്തെ കുറിച്ച് സംസാരിക്കുന്നുതും സൗഹൃദത്തിനുള്ള ശ്രമം നടത്തുന്നതുമായിട്ടുള്ള ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. പല ചാറ്റുകളും ഡേറ്റിങ് ആപ്പുകളിലെന്നപോലെയുള്ള ലാഘവത്തോടെയുള്ളവയാണ്. ‘നിങ്ങള്‍ മുടിഞ്ഞ ഗ്ലാമറാണ്, താന്‍ പൊളിയാണ്, ഞാന്‍ എത്രനാളായി നമ്പര്‍ ചോദിക്കുന്നു, താന്‍ ഭയങ്കര ജാഡ ആണല്ലേ, സുന്ദരിമാര്‍ എല്ലാം ഇങ്ങനാ’ എന്നിങ്ങനെ നീളുന്നു പുറത്തുവന്ന ചാറ്റുകളിലെ രാഹുലിന്‍റെ മെസേജുകള്‍. കുഞ്ഞനിയന്‍റെ തമാശ എന്ന് പറയുമ്പോള്‍ ഞാന്‍ അനിയനൊന്നുമല്ല എന്നായിരുന്നു രാഹുലിന്‍റെ മറുപടി. രാഹുലിന്‍റെ ചാറ്റുകള്‍ മാത്രമല്ല. പലരും ഈ ചാറ്റുകള്‍ പ്രോല്‍സാഹിച്ചിരുന്നില്ല എന്നതും പുറത്തുവന്ന സ്ക്രീന്‍ ഷോട്ടുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും.
അതേസമയം, വിവാദങ്ങള്‍ക്ക് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനോട് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവയ്ക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്‍റേതാണ് തീരുമാനം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റും നല്‍കില്ല. പാര്‍ട്ടിക്കുള്ളില്‍ നിന്നും രാഹുലിനെതിരെ ഒട്ടേറെ പരാതികള്‍ എഐസിസിക്ക് ലഭിച്ചതിന് പിന്നാലെ അന്വേഷണത്തിന് കെപിസിസിക്ക് നിര്‍ദേശം നല്‍കിയിരുന്നു. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയാണ് സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയത്. ഇതിന് പിന്നാലെ വി.ഡി.സതീശനും കെപിസിസി ജനറല്‍ സെക്രട്ടറി സണ്ണി ജോസഫും അനൗദ്യോഗിക ചര്‍ച്ച നടത്തിയിരുന്നു. ALSO READ: എഐസിസി 'കെയേഴ്സ്'; രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവയ്ക്കും; സീറ്റും പോകും ...
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രവാസി എഴുത്തുകാരി ഹണി ഭാസ്കരനും വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. തന്നോട് ചാറ്റ് ചെയ്തശേഷം രാഹുൽ തന്നെക്കുറിച്ച് മറ്റുള്ളവരോട് മോശമായി സംസാരിച്ചുവെന്ന് അവർ ആരോപിച്ചു. എതിർ രാഷ്ട്രീയത്തിലുള്ളവർ പോലും തന്നോട് സംസാരിക്കാൻ വരുന്നുണ്ടെന്ന് രാഹുൽ അഹങ്കാരത്തോടെ പറഞ്ഞുവെന്നും ഹണി ഭാസ്കർ വ്യക്തമാക്കി. രാഹുൽ ഇരയാക്കിയ ഒരുപാട് സ്ത്രീകളെ തനിക്ക് അറിയാമെന്നും, അവരിൽ വനിതാ കോൺഗ്രസ് പ്രവർത്തകർ പോലും ഉണ്ടെന്നും ഹണി ഭാസ്കർ പറയുന്നു. ഈ വിഷയത്തിൽ നിയമനടപടികൾ ആലോചിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ അവർ, ധൈര്യമുണ്ടെങ്കിൽ രാഹുൽ മാനനഷ്ടക്കേസ് നൽകട്ടെ, നേരിടാൻ തയ്യാറാണെന്ന് വെല്ലുവിളിച്ചു.