മനോരമ ന്യൂസ് കോൺക്ലേവ് ഇന്ന് ബോൾഗാട്ടി ലുലു ഗ്രാൻഡ് ഹയാത്ത് രാജ്യാന്തര കൺവൻഷൻ സെന്ററിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. വൈകിട്ട് സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് മുഖ്യാതിഥി. ‘ഇന്ത്യ– പേസ് ആൻഡ് പ്രോഗ്രസ്’ മുഖ്യ വിഷയമായ കോൺക്ലേവ് രാജ്യത്തിന്റെ പുരോഗതിയുടെ ദിശയും വേഗവും പ്രതീക്ഷകളും വെല്ലുവിളികളും വിലയിരുത്തും.
രാവിലത്തെ സെഷനിൽ അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും എംപിയുമായ ഗൗരവ് ഗൊഗോയ്, പരസ്യചിത്രകാരനും നടനുമായ പ്രകാശ് വർമ എന്നിവർ ചിന്തകൾ പങ്കിടും. ബിസിനസും നിർമിതബുദ്ധിയും എന്ന ചർച്ചയിൽ എവിഎ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എ.വി.അനൂപും മൈജി ഇന്ത്യ ചെയർമാൻ എ.കെ.ഷാജിയും പങ്കെടുക്കും. ദേശത്തിന്റെ ദിശയെക്കുറിച്ച് എംപിമാരായ അപരാജിത സാരംഗിയും (ബിജെപി) പ്രണീതി ഷിൻഡെയും (കോൺഗ്രസ്) പങ്കെടുക്കുന്ന സംവാദത്തോടെ ഉച്ചകഴിഞ്ഞുള്ള സെഷനുകൾക്കു തുടക്കമാവും.
2026 തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുള്ള ചർച്ചയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എന്നിവർ പങ്കെടുക്കും. വിദ്യാഭ്യാസരംഗത്തെ സാധ്യതകളെക്കുറിച്ച് ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ടോം ജോസഫ്, ലേൺഫ്ലുവൻസ് മാനേജിങ് ഡയറക്ടർ ഓർവെൽ ലയണൽ എന്നിവർ ആശയങ്ങൾ പങ്കിടും.
താരസംഘടന ‘അമ്മ’യുടെ ആദ്യ വനിതാ പ്രസിഡന്റ് ശ്വേത മേനോൻ മുന്നോട്ടുള്ള വഴികളെക്കുറിച്ച് സംസാരിക്കും. നിർമിതബുദ്ധി ഇന്ത്യയിൽ ഇനി എങ്ങോട്ടെന്ന് എയർ ഇന്ത്യ വൈസ് പ്രസിഡന്റ് വിജു ചാക്കോ വിലയിരുത്തും.
ഇൻഫ്ലുവൻസർമാർ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന ഇടപെടലുകളാണ് കോളമിസ്റ്റ് രാംമോഹൻ പാലിയത്തും നടിയും അവതാരകയുമായ വർഷ രമേഷും പങ്കെടുക്കുന്ന ചർച്ചയിലെ വിഷയം. പരിസ്ഥിതിയുടെ സാമൂഹിക പ്രസക്തിയെക്കുറിച്ച് സിറിൽ അമർചന്ദ് മംഗൾദാസ് സീനിയർ അഡ്വൈസർ (ഇഎസ് ജി) ബോസ് വർഗീസ് സംസാരിക്കും.
മലയാള സിനിമയിലെ മാറ്റങ്ങളെക്കുറിച്ചുള്ള ‘ത്രിൽ ത്രില്ലറിലോ’ സെഷനിൽ സംവിധായകൻ ജീത്തു ജോസഫ്, ആസിഫ് അലി, ഉണ്ണിമായ പ്രസാദ് എന്നിവർ ഉൾക്കാഴ്ചകൾ പങ്കിടും. കോൺക്ലേവിനു ക്ഷണിക്കപ്പെട്ടവർ രാവിലെ 9.15ന് മുൻപ് ഹാളിൽ പ്രവേശിക്കണം. സുരക്ഷാകാരണങ്ങളാൽ ക്ഷണക്കത്ത് കൈവശം കരുതേണ്ടതാണ്. വിവരങ്ങൾക്ക്: manoramanewsconclave.com