എം.ആര്‍.അജിത്കുമാറിനെതിരായ വിജിലന്‍സ് കോടതി വിധിയില്‍ ജഡ്ജിക്ക് പിഴവെന്ന് സര്‍ക്കാരിന് നിയമോപദേശം. മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശവും കോടതി നേരിട്ട് അന്വേഷണം പ്രഖ്യാപിച്ചതും അധികാരപരിധി മറികടന്നെന്നാണ് വിലയിരുത്തല്‍. വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചതോടെ തുടര്‍ അന്വേഷണത്തില്‍ നിന്ന് അജിത്കുമാര്‍ വീണ്ടും തടിയൂരിയേക്കും..
അനധികൃത സ്വത്ത് സാമ്പാദന പരാതിയില്‍ എം.ആര്‍.അജിത്കുമാറിന് ക്ളീന്‍ചിറ്റ് നല്‍കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി എ.മനോജ് തള്ളിയിരുന്നു. ഹര്‍ജിക്കാരനില്‍ നിന്ന് നേരിട്ട് മൊഴിയെടുക്കാന്‍ തീരുമാനിച്ച ജഡ്ജി, ക്ളീന്‍ചിറ്റ് നല്‍കുന്ന റിപ്പോര്‍ട്ട് അംഗീകരിച്ച മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവും നടത്തി. റിപ്പോര്‍ട്ട് പരിശോധിച്ച് അംഗീകരിക്കാന്‍ മുഖ്യമന്ത്രി എന്ത് അധികാരമെന്നും എ.ഡി.ജി.പിയെ രക്ഷിക്കാന്‍ അദ്യശ്യകരമെന്നുമായിരുന്നു ഉത്തരവില്‍ എഴുതിചേര്‍ത്ത വിമര്‍ശനം. ഈ വിമര്‍ശനവും ജഡ്ജിയുടെ നടപടിക്രമങ്ങളും തെറ്റെന്നാണ് സര്‍ക്കാര്‍ നിലപാട്. മൂന്ന് വീഴ്ചകളാണ് ഉന്നയിക്കുന്നത്.
ആരോപണത്തിന്‍റെ ഭാഗമല്ലാത്ത മൂന്നാമതൊരാള്‍ ഹര്‍ജി നല്‍കിയപ്പോള്‍ പൊലീസിനോ വിജിലന്‍സിനോ കൈമാറാതെ കോടതി പരിഗണിക്കാന്‍ തീരുമാനിച്ചു. രണ്ട്– സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാരിന്‍റെ പ്രോസിക്യൂഷന്‍ അനുവാദം വേണം. ഇത് ഇല്ലാതെ തന്നെ ജഡ്ജി നേരിട്ട് തുടര്‍പരിശോധനക്ക് തീരുമാനിച്ചു. മൂന്ന് –പി.വി.അന്‍വര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിയാണ് വിജിലന്‍സിനോട് പ്രാഥമിക പരിശോധനക്ക് ഉത്തരവിട്ടത്. ആ പരിശോധനാഫലമാണ് വിജിലന്‍സ് മുഖ്യമന്ത്രിക്ക് കൈമാറിയതും മുഖ്യമന്ത്രി അംഗീകരിച്ചതും. ആ നടപടിയില്‍ തെറ്റില്ല.
വിജിലന്‍സ് ഡയറക്ടര്‍ക്ക് പിന്നാലെ അഡ്വക്കേറ്റ് ജനറലും ഈ നിയമപ്രശ്നം ചൂണ്ടിക്കാട്ടിയതോടെയാണ് അപ്പീലിന് തീരുമാനിച്ചത്. ഇതോടെ അജിത്കുമാറിനെതിരെ തുടര്‍ അന്വേഷണമുണ്ടാകുന്നത് ഇനി ഹൈക്കോടതി നിലപാട് അനുസരിച്ചിരിക്കും.